KSDLIVENEWS

Real news for everyone

അധ്യാപകർക്കും സഹപാഠികൾക്കും അവൻ പ്രിയപ്പെട്ട ആദിയായിരുന്നു; വേർപ്പാട് വിശ്വസിക്കാനാകാതെ നാട്ടുകാർ

SHARE THIS ON

തിരുവനന്തപുരം: എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്ന ആദിശേഖറിന്റെ വേർപാട് ഇനിയും വിശ്വസിക്കാനാകാതെ നാട്ടുകാരും കൂട്ടുകാരും. കാട്ടാക്കട ചിന്മയാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖർ സ്കൂളിലെ മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അയൽവാസികൾക്കും അവൻ പ്രിയപ്പെട്ട ‘ആദി’യായിരുന്നു.


ജി-20 സമ്മേളനത്തിന്റെ ഭാഗമായി ചിന്മയാ സ്‌കൂൾ സംഘടിപ്പിച്ച ഇന്റർസ്‌കൂൾ മത്സരത്തിൽ കാട്ടാക്കട സ്കൂളിനെ പ്രതിനിധീകരിച്ചത് ആദിയായിരുന്നു. തിയേട്രിക്‌സ് ഇന്റർസ്‌കൂൾ നാടകമത്സരങ്ങളിലും മികച്ച അഭിനേതാവെന്ന നിലയിൽ തിളങ്ങിയിരുന്നു. കഴിഞ്ഞ തവണ നടന്ന സ്‌കൂൾ യൂത്ത് ഫെസ്റ്റിവെലിൽ ഇംഗ്ളീഷ്, മലയാളം പ്രസംഗം, ഗ്രൂപ്പ് ഡാൻസ്, സംസ്കൃതം പദ്യപാരായണം തുടങ്ങി നിരവധിയിനങ്ങളിൽ ഒന്നാമനായിരുന്നു. പല ക്വിസ് മത്സരങ്ങളിലും സ്‌കൂളിനെ പ്രതിനിധീകരിച്ചിരുന്നത് ആദിയുൾപ്പെടുന്ന ടീമായിരുന്നു.


പഠിക്കാൻ മിടുക്കനായിരുന്ന ആദിശേഖർ, കഴിഞ്ഞ തവണത്തെ പരീക്ഷകളിൽ സ്‌കൂൾതലത്തിൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചിരുന്നു. എല്ലാ കാര്യത്തിലും സജീവമായി ഇടപെട്ടിരുന്ന ആദി അധ്യാപകരുടെ തെറ്റുകളും ചൂണ്ടിക്കാണിക്കാൻ മടിച്ചിരുന്നില്ല. ഒന്നാം ഓണത്തിന് സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിന് സഹപാഠികളെല്ലാം ഒത്തുകൂടിയപ്പോൾ മുൻനിരയിൽ നിന്നതും ആദിയായിരുന്നു. തിരുവോണത്തിന് എല്ലാ കൂട്ടുകാർക്കും ഓണാശംസ നേർന്ന ആദിയുടെ മരണം ഇപ്പോഴും അധ്യാപകർക്കും സഹപാഠികൾക്കും ഉൾക്കൊള്ളാനാകുന്നില്ല.


നാടിന്റെ അഭിമാനമാകേണ്ടിയിരുന്ന കുഞ്ഞാണ് അകാലത്തിൽ വിടപറഞ്ഞതെന്നാണ് അയൽവാസികളുടെ അഭിപ്രായം. എല്ലാവരോടും സ്നേഹാദരങ്ങളോടെ പെരുമാറിയിരുന്ന ആദി പുളിങ്കോട് ദേവീക്ഷേത്രത്തിനു മുന്നിലെ കളിസ്ഥലത്ത് കുട്ടികളുടെ ക്യാപ്‌റ്റനുമായിരുന്നു. രാമായണ പാരായണം, ശ്രീകൃഷ്ണജയന്തി ചടങ്ങുകളിലും ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യവുമായിരുന്നു. ആദിയുടെ വീട്ടിലെത്തുന്നവർക്ക് ഇപ്പോഴും ആ കൊച്ചുമിടുക്കന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ല.

മകനെ കൊലപ്പെടുത്തിയത്- അരുൺകുമാർ

തിരുവനന്തപുരം: പ്രിയരഞ്ജൻ മകനെ ആസൂത്രിതമായി കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആദിശേഖറിന്റെ അച്ഛനും അധ്യാപകനുമായ എ.അരുൺകുമാർ പറയുന്നു.

മൂന്നാം ഓണദിവസമാണ് സംഭവമുണ്ടാകുന്നത്. വഞ്ചിയൂർ സ്‌കൂളിലെ സഹപ്രവർത്തകർ വീട്ടിൽ എത്തിയിരുന്നു. അവർക്ക് സദ്യയൊരുക്കാൻ മുന്നിൽനിന്നത് ആദിയായിരുന്നു. അതിനുശേഷമാണ് കൂട്ടുകാർക്കൊപ്പം വീടിനടുത്തുള്ള ക്ഷേത്രമുറ്റത്ത് കളിക്കാൻപോയത്. പിന്നീടാണ് അപകടമുണ്ടാകുന്നത്. മരണത്തിൽ സംശയം ഇല്ലെന്നാണ് ആദ്യം പോലീസിനു മൊഴിനൽകിയതെന്നും അരുൺകുമാർ പറഞ്ഞു. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങൾ കണ്ടതോടെയാണ് സംശയമുണ്ടായത്.

• ആദിശേഖർ അപകടത്തിൽപ്പെട്ട സ്ഥലം

ദൃശ്യങ്ങൾ കണ്ട അടുത്ത ബന്ധു സംഭവത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിൽ വച്ച് പ്രിയരഞ്ജൻ ആദിശേഖറിനെ തടഞ്ഞുെവച്ച് കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ബന്ധു കണ്ടിരുന്നു. പ്രിയരഞ്ജൻ ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. പ്രിയരഞ്ജൻതന്നെ അസഭ്യം പറഞ്ഞതായി അന്ന് ആദിശേഖർ വീട്ടിലെത്തി അറിയിച്ചിരുന്നതായും പിതാവ് പറയുന്നു. അതുകൊണ്ടുതന്നെ അന്നത്തെ സംഭവത്തിന്റെ വൈരാഗ്യത്തിലാണ് അപകടമുണ്ടാക്കിയതെന്നാണ് ഇപ്പോൾ കരുതുന്നത്. ഇക്കാര്യങ്ങൾ പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും അരുൺകുമാർ വ്യക്തമാക്കി.

കാറിടിച്ച് വിദ്യാർഥി മരിച്ച സംഭവം: പ്രതി പിടിയിൽ; കസ്റ്റഡിയിലെടുത്തത് കുഴിത്തുറയിൽനിന്ന്

കാട്ടാക്കട: പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കാറോടിച്ചിരുന്ന പൂവച്ചൽ ഭൂമികയിൽ പ്രിയരഞ്ജനെ(42)യാണ് കാട്ടാക്കട പോലീസ് തിങ്കളാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തത്. പതിനൊന്നു ദിവസമായി ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ കുഴിത്തുറയിൽനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ നിരീക്ഷിച്ചാണ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തത്. ഇപ്പോൾ ഇയാൾ നാലാഞ്ചിറയിലാണ് താമസിക്കുന്നത്.

ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെയാണ് പൂവച്ചൽ പുളിങ്കോട് ഭദ്രകാളിക്ഷേത്രത്തിനു മുന്നിൽെവച്ച് ആദിശേഖർ കാറിടിച്ചു മരിച്ചത്. പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖർ(15).

ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ മുൻവൈരാഗ്യത്താൽ പ്രിയരഞ്ജൻ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ക്ഷേത്രമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ചശേഷം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് പിന്നാലെയെത്തിയ കാറിടിച്ച് അപകടമുണ്ടാകുന്നത്.

ആദ്യം അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. സംഭവസ്ഥലത്തെ സി.സി. ടി.വി. ദൃശ്യത്തിന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മറ്റൊരു ബന്ധുവിന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യം കാരണം കാറിടിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ നൽകിയ മൊഴി.

സംഭവം നടന്ന ദിവസം ഒളിവിൽപ്പോയ പ്രതിക്കായി നാലു സംഘമായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തിയിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യംചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ശില്പ അറിയിച്ചു. സ്റ്റേഷനിൽ പ്രിയരഞ്ജനെതിരേ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!