അലാമിപ്പള്ളി ബസ് ടെർമിനൽ മുറികളുടെ ലേലം: മാസവാടക പകുതിയായി കുറയും, സെക്യുരിറ്റി തുകയിലും വൻ ഇളവ്

കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ് ടെർമിനൽ മുറികളുടെ ലേലത്തിന് ഒടുവിൽ വഴിയൊരുങ്ങുന്നു. ഇതിനായി മാസവാടകയും സെക്യുരിറ്റി തുകയും ഗണ്യമായി കുറച്ചുകൊണ്ട് കഴിഞ്ഞദിവസം നടന്ന കൗൺസിൽ തീരുമാനമെടുത്തു. കെട്ടിടമുറികൾ ലേലം ചെയ്യാൻ പറ്റാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു രൂപയുടെ വരുമാനം പോലും നഗരസഭയ്ക്ക് ലഭിച്ചിരുന്നില്ല. കടമുറികളുടെയും ഓഫീസ് മുറികളുടെയും ലേലനടപടികൾ പലതവണ നടന്നെങ്കിലും ലേലംകൊള്ളാൻ ആരുമെത്തിയില്ല.
ഉയർന്ന വാടകയും സെക്യുരിറ്റി നിക്ഷേപവുമാണ് ആളുകളുടെ പിന്മാറ്റത്തിനുള്ള കാരണമായി പറഞ്ഞത്. സമുച്ചയ നിർമാണത്തിനായി വാങ്ങിയ വായ്പയുടെ പലിശയിനത്തിൽതന്നെ ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരുമ്പോഴായിരുന്നു ഈ ദുരവസ്ഥ. ലേലത്തിനായി നിരവധി തവണ നടത്തിയ ശ്രമം പൂർണ പരാജയമായതോടെയാണ് വാടകയും സുരക്ഷാനിക്ഷേപതുകയും പുനർനിർണയിക്കാൻ നഗരസഭ തീരുമാനിച്ചത്.
നിയമാവലി ഭേദഗതിയിലൂടെയാണ് വാടകയും നിക്ഷേപതുകയും പുനർനിർണയിച്ചത്. ഈ നടപടികൾക്ക് കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗം അനുമതി നൽകി. ഭേദഗതിയിലൂടെ സംവരണം ചെയ്ത മുറികളുടെ സുരക്ഷാനിക്ഷേപം ഒരുവർഷത്തെ വാടകതുകയെന്നത് ആറുമാസത്തെ വാടകതുകയാക്കി കുറച്ചു.
നഗരസഭയ്ക്ക് പുറത്തുള്ളവർക്കും ലേലംകൊള്ളാം
സംവരണം ചെയ്യാത്ത കടമുറികൾ, ഓഫീസ് മുറികൾ എന്നിവയ്ക്ക് 10 മാസത്തെ വാടക ഡെപ്പോസിറ്റായി നൽകിയാൽ മതിയാകും. 15 ലക്ഷമായിരുന്ന സെക്യുരിറ്റി തുക പിന്നീട് ഏഴരലക്ഷമായും കുറച്ചിരുന്നെങ്കിലും നിരാശയായിരുന്ന ഫലം. പുതിയ ഭേദഗതിയിലൂടെ ഇത് ഒരുലക്ഷത്തിൽ താഴെയായി കുറയും. പുതുക്കിയ സെക്യുരിറ്റി തുക അടിസ്ഥാനമാക്കിയാണ് അടുത്ത ലേലനടപടികൾ നടക്കുക. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് താഴത്തെ നിലയിലെ വാടക ചതുരശ്രമീറ്ററിന് 70 രൂപയെന്നത് 30 രൂപയായി കുറയും. രണ്ടാംനിലയിൽ 60 രൂപയ്ക്ക് പകരം 25 രൂപയും മൂന്നാംനിലയിൽ 45 രൂപയ്ക്ക് പകരം 20 രൂപയായും കുറയും. നഗരസഭ അനുവദിക്കുന്ന പാർക്കിങ് ഏരിയയിൽ ലൈസൻസിയുടെ ഒരുവാഹനത്തിൽ കൂടുതൽ പാർക്ക് ചെയ്യാൻ പാടില്ല എന്ന നിബന്ധനയും ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവരണം ചെയ്ത മുറികളുടെ ലേലത്തിൽ പങ്കെടുക്കുന്നവർ നഗരസഭാ പരിധിയിൽ സ്ഥിരം താമസക്കാരായിക്കണമെന്നത് ഭേദഗതിയിലൂടെ നഗരസഭയിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന എന്നാക്കി മാറ്റി. ഈ ഭേദഗതിയിലൂടെ നഗരസഭയ്ക്ക് പുറത്തുള്ളവർക്കും മുറികൾ ലേലം കൊള്ളാൻ സാധിക്കും

