ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്: പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ചാംപ്യന്മാർ

നീലേശ്വരം: 2 ദിവസങ്ങളിലായി നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ കാസർകോട് പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ചാംപ്യന്മാർ. തുടർച്ചയായി നാലാം തവണയും ജേതാക്കളായ ഇവർ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 288 പോയിന്റുകളാണ് നേടിയത്. 82 പോയിന്റുകളോടെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവന്റ് സ്കൂൾ ആണ് രണ്ടാംസ്ഥാനത്ത്. 81 പോയിന്റുമായി നീലേശ്വരം പള്ളിക്കര കോസ്മോസ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ 238 പോയിന്റുകളാണ് എംപി ഇന്റർനാഷനൽ സ്കൂൾ നേടിയത്. 59 പോയിന്റ് നേടിയ പള്ളിക്കര കോസ്മോസ് രണ്ടും 40 പോയിന്റോടെ ചെറുവത്തൂർ കെ.സി.ത്രോസ് അക്കാദമി മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനത്തിൽ നീലേശ്വരം നഗരസഭാ കൗൺസിലർ വി.വി.ശ്രീജ സമ്മാനങ്ങൾ നൽകി. ജില്ലാ അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.മധുസൂദനൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി.വി.ജനാർദനൻ അച്ചാംതുരുത്തി, വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

