KSDLIVENEWS

Real news for everyone

25 കോടി അടിച്ച ടിക്കറ്റെടുത്തത് സുഖമില്ലാത്ത സുഹൃത്തിനെക്കണ്ട് വരുംവഴി,ഓണം ബമ്പറെടുക്കുന്നത് ഇതാദ്യം

SHARE THIS ON



പാലക്കാട്: ജീവിതത്തില്‍ ആദ്യമായി എടുത്ത ഓണം ബമ്പര്‍ അടിച്ചതില്‍ വളരെ സന്തോഷമെന്ന് ലോട്ടറിയടിച്ച നാല്‍വര്‍ സംഘത്തിലെ സ്വാമിനാഥന്‍. മറ്റു മൂന്നുപേര്‍ക്കും രംഗത്തുവരാന്‍ കഴിയാത്തത് വ്യക്തിപരമായ ചില കാരണങ്ങളാലാണ്. അപകടത്തില്‍ പരിക്കേറ്റു കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുന്ന വഴിയാണ് ടിക്കറ്റെടുത്തതെന്നും ബമ്പര്‍ റടിച്ചതില്‍ കേരള സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും സ്വാമിനാഥന്‍ എന്ന നടരാജന്‍ അറിയിച്ചു.

സ്വാമിനാഥനു പുറമേ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തിരുന്നത്. വാളയാറില്‍ അപകടത്തില്‍ പരിക്കേറ്റു കിടക്കുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്ന വഴിയാണ് ഇവര്‍ ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റുകളെടുത്തിരുന്നു. ഫലം വന്ന് അര മണിക്കൂര്‍ കഴിഞ്ഞ് ഓണ്‍ലൈനില്‍ നോക്കുമ്പോഴാണ് ബമ്പറടിച്ച വിവരമറിഞ്ഞത്. ടിക്കറ്റുകള്‍ മൂന്നുപേരും സഹൃത്തും ചേര്‍ന്ന് ലോട്ടറി ഓഫീസിലെത്തി കൈമാറി. പാണ്ഡ്യരാജ് ചെന്നൈയിലായതിനാല്‍ ഇദ്ദേഹം ലോട്ടറി കൈമാറാന്‍ എത്തിയിരുന്നില്ല.

ലോട്ടറി അടിച്ച വിവരം പുറത്തായാല്‍ പ്രശ്‌നമാകുമെന്ന് ഭയന്നാണ് മറ്റുള്ളവര്‍ മുഖം കാണിക്കാന്‍ തയ്യാറാവാത്തതെന്ന് സ്വാമിനാഥന്‍ പറഞ്ഞു. അത്തരത്തില്‍ ലോട്ടറി അടിച്ച് മുഖം പുറത്തുവന്നവരുടെ മുന്‍ അനുഭവങ്ങളും ഇയാള്‍ വിശദീകരിച്ചു. ലോട്ടറി ഓഫീസില്‍ ലോട്ടറി സമര്‍പ്പിച്ചപ്പോഴും പേര് പുറത്തു പറയരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്‌.
റിയല്‍ എസ്‌റ്റേറ്റ് ജോലിക്കാരനാണ് സ്വാമിനാഥന്‍. ഓണം ബമ്പര്‍ ആദ്യമായിട്ടാണ് എടുക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. കേരളത്തില്‍ വരുമ്പോള്‍ മറ്റു ലോട്ടറികളൊക്കെ എടുക്കാറുണ്ട്. 40 ദിവസത്തിനകം പണം ലഭിക്കുമെന്നാണ് ലോട്ടറി ഓഫീസില്‍നിന്ന് അറിയിച്ചത്. നാലുപേരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം കൈമാറുകയെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!