രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് ആവേശകരമായ വരവേൽപ്; ജനപ്രതിനിധികളെ അവഹേളിച്ചെന്ന് ലീഗും സിപിഎമ്മും

കാസർകോട് ∙ സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് കാസർകോട് ആവേശകരമായ വരവേൽപ്. കാസർകോട് നിന്ന് ഉദ്ഘാടനം നടന്ന അപൂർവം ട്രെയിനുകളിലൊന്നായ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര എല്ലാവരും ആഘോഷമാക്കി. യാത്രക്കാരും വിവിധ സംഘടനകളും വിദ്യാർഥികളും ഇന്നലെ കാസർകോട് നടന്ന ചടങ്ങിൽ പങ്കെടുത്തു. ചെണ്ട മേളവും ബാൻഡും വിവിധ കലാരൂപങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്റ്റേഷനിലെത്തിയവർക്ക് മധുര വിതരണം നടത്തി. പുഷ്പവൃഷ്ടിയോടെയാണ് യാത്രക്കാർ ട്രെയിനിന്റെ ആദ്യ യാത്രയെ വരവേറ്റത്.
ജില്ലയിലെ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളിലെയും നീലേശ്വരം രാജാസ് സ്കൂളിലെയും വിദ്യാർഥികൾക്ക് ഉദ്ഘാടന ദിനം യാത്രയ്ക്ക് അവസരമൊരുക്കിയിരുന്നു. കേന്ദ്ര സഹമന്ത്രി വി.മുരളീധരനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ,ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു തുടങ്ങിയവർ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളികളായി. മന്ത്രി അബ്ദു റഹ്മാനും വന്ദേഭാരതിൽ യാത്ര നടത്തി. ട്രെയിൻ സർവീസ് തുടങ്ങുന്നതിനു മുൻപായി കാസർകോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പരിസരം വൃത്തിയാക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളെ അപമാനിച്ചതായി പരാതി
വന്ദേ ഭാരത് ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ ജനപ്രതിനിധികളെ അപമാനിച്ചതായി പരാതി. റെയിൽവേ ഡിവിഷനൽ മാനേജരെ ഇവർ നേരിട്ട് പരാതി അറിയിക്കുകയും ചെയ്തു. പരിപാടിയുടെ പ്രോഗ്രാം ലിസ്റ്റിൽ പേരുണ്ടായിരുന്ന എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാ അധ്യക്ഷൻ വി.എം.മുനീർ എന്നിവരെയാണ് റെയിൽവേ അധികൃതർ ക്ഷണിച്ചു വരുത്തിയ ശേഷം അവഹേളിച്ചതായി ആരോപണമുയർന്നത്.

എൻ.എ.നെല്ലിക്കുന്ന് എംഎൽഎയ്ക്ക് വേദിയിൽ സീറ്റ് നൽകിയെങ്കിലും പ്രസംഗിക്കാൻ ക്ഷണിച്ചില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും നഗരസഭാ ചെയർമാൻ വി.എം മുനീറിനും വേദിയിൽ സീറ്റു പോലും നൽകിയില്ല. എന്തിനാണ് തങ്ങളുടെ പേര് പ്രോഗ്രാം ലിസ്റ്റിൽ ചേർത്തതെന്ന് ഇവർ ഡിവിഷനൽ റെയിൽവേ മാനേജറോട് നേരിട്ടു ചോദിച്ചു. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയം നോക്കിയാണ് പരിപാടിയിൽ പ്രസംഗികരെ അനുവദിച്ചതെന്ന് സിപിഎമ്മും മുസ്‌ലിം ലീഗും കോൺഗ്രസും ആരോപിച്ചു.

എന്നാൽ പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കിയത്. വേദിയിൽ ഇരിക്കുന്നവരുടെ പട്ടികയിൽ എംഎൽഎയുടെ പേരുണ്ടായിരുന്നു. എന്നാൽ പ്രസംഗിക്കേണ്ടവരുടെ പട്ടികയിൽ ഇല്ലായിരുന്നു. 11.45ന് വിഐപികളെ വേദിയിലേക്കു ക്ഷണിച്ച ശേഷം 5 മിനിറ്റ് വീതം ഡിആർഎം, എംപി, മന്ത്രി തുടർന്ന് 10 മിനിറ്റ് കേന്ദ്ര സഹമന്ത്രി എന്നിങ്ങനെയായിരുന്ന സമയം ക്രമീകരിച്ചത്. ഉച്ചയ്ക്ക് 12.10ന് ഡൽഹിയിൽ നിന്നുള്ള വിഡിയോ കോൺഫറൻസ് ആരംഭിക്കുമെന്നായിരുന്നു നിർദേശം.
കേന്ദ്രസഹമന്ത്രി വി.മുരളീധരൻ എംഎൽഎ സംസാരിക്കുന്നില്ലേ എന്ന കാര്യം തിരക്കുകയും ചെയ്തു. യോഗം അവസാനിച്ചപ്പോൾ എംഎൽഎയും മറ്റു ജനപ്രതിനിധികളും ഡിആർഎമ്മിനെ നേരിട്ട് പ്രതിഷേധമറിയിച്ചു.

കേരളത്തിന്റെ വന്ദേഭാരത് എക്സ്പ്രസുകൾ പരസ്പരം കണ്ടുമുട്ടിയ വിഡിയോ തരംഗമായി. കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷമുള്ള യാത്രയ്ക്കിടയിൽ കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിൽ വച്ചായിരുന്നു ‘കണ്ടുമുട്ടൽ’. റെയിൽവേ തന്നെ ഈ വിഡിയോ പങ്കുവച്ചതോടെ കാഴ്ചക്കാരേറി.
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ കടന്നു പോയപ്പോൾ. (സതേൺ റെയിൽവേയുടെ എക്സ് പ്ലാറ്റ്ഫോം പേജിൽ പങ്കുവച്ച വിഡിയോയിൽ നിന്ന്)
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ കണ്ടുമുട്ടിയപ്പോൾ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചത്. ‘20634 തിരുവനന്തപുരം–കാസർകോട് വന്ദേഭാരത്, 02631 കാസർകോട്–തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’– സമൂഹ മാധ്യമത്തിൽ റെയിൽവേ കുറിച്ചു. പുതിയ വന്ദേഭാരതിൽ നിന്നു പകർത്തിയ ദൃശ്യങ്ങളാണിത്

