പാലക്കാട് വയലിൽ കുഴിച്ചിട്ടനിലയിൽ മൃതദേഹഭാഗങ്ങൾ; കാണാതായ യുവാക്കളുടേതാണോ എന്ന് സ്ഥിരീകരണമില്ല

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് മൃതദേഹം കുഴിച്ചിട്ട നിലയില്‍. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുനിന്നാണ് കുഴിച്ചിട്ട നിലയില്‍ ഒരു കാല്‍ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് രണ്ടുപേരെ കാണാതായിരുന്നു. രണ്ടുപേരെ കാണാതായതുസംബന്ധിച്ച് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ മൃതദേഹം പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. വെളിച്ചക്കുറവ് കാരണം ചൊവ്വാഴ്ച മൃതദേഹം പുറത്തെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. സംഭവത്തില്‍ പ്രഥമദൃഷ്ട്യാതന്നെ ദുരൂഹതയുണ്ടെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് സൂചിപ്പിക്കുന്നു. രണ്ടുപേരെ കാണാതായ പരാതിയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രദേശത്ത് എത്തിച്ചേർന്നത്. സതീഷ്, ഷിജിത്ത് എന്നിവരെ കഴിഞ്ഞദിവസം കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ട് കുരുടിക്കാട് എന്ന പ്രദേശത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് നാലുപേരെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു. സതീഷിന്റെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നവരെ തേടിയാണ് പോലീസ് എത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. രണ്ടുപേര്‍ ഒരുവഴിക്കും മറ്റുരണ്ടുപേര്‍ മറ്റൊരു വഴിയിലുമായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരിൽ രണ്ടുപേരെ കാണാനില്ലെന്നു കാണിച്ച് ലഭിച്ച പരാതിയിൽ പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശം മുഴുവനും പരിശോധന നടത്തി. എന്നാല്‍, ഇവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കരിങ്കരപ്പുള്ളിയിലെ പാടത്തേക്ക് കൂടെ തിരച്ചില്‍ വ്യാപിച്ചപ്പോഴായിരുന്നു മണ്ണ് ഇളകിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മണ്ണ് മാറ്റിയപ്പോള്‍ ഒരാളുടെ കാല്‍ കിട്ടുകയായിരുന്നു. രാത്രിയായതിനാൽ പോലീസ് ഇന്നത്തേക്ക് പരിശോധന അവസാനിപ്പിച്ചു. കണ്ടെത്തിയ മൃതദേഹ ഭാഗം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരില്‍ ആരുടേതെങ്കിലുമാണോ മൃതദേഹം എന്നതിനെക്കുറിച്ചും നിലവില്‍ സ്ഥിരീകരണമില്ല.

