KSDLIVENEWS

Real news for everyone

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി; ഒന്നും പറയാനില്ലെന്ന് പ്രതികരണം

SHARE THIS ON

ആലപ്പുഴ: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. ചൊവ്വാഴ്ച രാത്രിയോടെ മാവേലിക്കര സബ് ജയിലില്‍നിന്ന് ബന്ധുക്കള്‍ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെക്കേണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി കഴിഞ്ഞ ദിവസം ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ജയിലില്‍നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാമുകനായിരുന്ന പാറശ്ശാല, സമുദായപ്പറ്റ്, ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് തമിഴ്‌നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനായാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷംകലര്‍ത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!