KSDLIVENEWS

Real news for everyone

നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാലുപേരും രോഗമുക്തര്‍, ഡിസ്ചാര്‍ജ് ചെയ്തു- മന്ത്രി വീണാ ജോര്‍ജ്,

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് നിപ പോസിറ്റീവ് ആയിരുന്ന നാലുപേരും നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരമാണ് മൂന്ന് സാമ്പിളുകളും പരിശോധിച്ചത്. നാലുപേരെയും ഡിസ്ചാര്‍ജ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു. രോഗമുക്തരായവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് അവരുടെ വീടുകളില്‍ പോയി ആരോഗ്യ വകുപ്പ് പരിശോധന നടത്തി. രോഗമുക്തരായവര്‍ക്ക് മറ്റ് രോഗങ്ങള്‍ വരാതിരിക്കാനുള്ള നടപടികള്‍ എടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇഖ്‌റ, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികള്‍ ഉണ്ടായിരുന്നത്. ആരോഗ്യപ്രവര്‍ത്തകന്‍ ഇഖ്‌റയില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും മന്ത്രി വ്യക്തമാക്കി. വളരെ പെട്ടെന്ന് രോഗം സ്ഥിരീകരിച്ചത് ഗുണംചെയ്തു. നിപയുടെ വ്യാപനം തടയാന്‍ സാധിച്ചു. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ഉണ്ടായി. നിലവില്‍ 568 പേരാണ് ഐസൊലേഷനിലുള്ളത്. ഒക്ടോബര്‍ അഞ്ചിന് എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകും. കൺട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരും. രോഗം കണ്ടെത്തിക്കഴിഞ്ഞ് ഒരാളുടെ ജീവന്‍പോലും നഷ്ടമായില്ല. കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് നിരന്തരമായി കമ്മ്യൂണിറ്റി സര്‍വൈലന്‍സ് നടക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. പുണെ എന്‍.ഐ.വി സംഘം ഒക്ടോബര്‍ ആറുവരെ ജില്ലയില്‍ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും. വൈറസ് എത്തിയത് എങ്ങനെയെന്ന് പരിശോധിച്ചുവരികയാണ്. രോഗത്തിന്റെ ലക്ഷണങ്ങള്‍ മാറിയെങ്കിലും വൈറസിന് മാറ്റമുണ്ടായിട്ടില്ല. 1,176 മനുഷ്യ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. ഐസൊലേഷന്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. Content Highlights: kozhikode nipah minister veena george press meet four discharged

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!