3,20,000 കുടുംബങ്ങളിലേക്ക് സൗരോര്‍ജം; ദുബൈ സോളാര്‍ പാര്‍ക്ക് രണ്ടാം യൂണിറ്റ് ഉത്പാദനം തുടങ്ങി

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുതി പാര്‍ക്കായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം സോളാര്‍ വൈദ്യുതി പാര്‍ക്കില്‍ രണ്ടാമത്തെ യൂനിറ്റ് ഉല്‍പാദനം ആരംഭിച്ചു. 200 മെഗാവാട്ട് ശേഷിയുള്ള രണ്ടാം യൂനിറ്റാണ് പ്രവര്‍ത്തനമാരംഭിച്ചത്. മുഹമ്മദ് ബിൻ റാശിദ് അല്‍മക്തൂം സോളാര്‍ പാര്‍ക്കിലെ നാലാംഘട്ടത്തിന്റെ ഭാഗമായി നിര്‍മിച്ച പാരാബോളിക് ബേസിൻ കോംപ്ലക്ലിലെ രണ്ടാം യൂനിറ്റാണ് ഇന്ന് ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റി കമ്മീഷൻ ചെയ്തത്. 15.78 ബില്യണ്‍ ദിര്‍ഹം ചെലവിട്ടാണ് സോളാര്‍ പാര്‍ക്കിന്റെ ഈ ഘട്ടം നിര്‍മിക്കുന്നത്. 3,20,000 കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഘട്ടം. നാലാംഘട്ടത്തിന്റെ മൊത്തം ഉല്‍പാദന ശേഷി 950 മെഗാവാട്ടാണ്. കോണ്‍സൻട്രേറ്റഡ് സോളാര്‍ പവര്‍, ഫോട്ടോവോള്‍ടേക്ക് ടെക്നോളജി എന്നീ സാങ്കേതികവിദ്യകള്‍ സംയുക്തമായി പ്രയോജനപ്പെടുത്തിയാണ് ഇവിടെ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നത്.

