KSDLIVENEWS

Real news for everyone

വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, സ്വര്‍ണം കഴുത്തിലണിഞ്ഞ് പാറുള്‍ ചൗധരി

SHARE THIS ON

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പാറുള്‍ ചൗധരി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി പാറുള്‍ ചരിത്രത്തിലിടം നേടി. ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. 10-ാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്. ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പാറുള്‍ 15 മിനിറ്റും 14 സെക്കന്‍ഡുമെടുത്താണ് (15:14.75 മിനിറ്റ്)ഒന്നാമതെത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ വളരെ പുറകിലായിരുന്നു താരം. ആദ്യ ലാപ്പുകളില്‍ ആറാം സ്ഥാനത്ത് തുടര്‍ന്ന പാറുള്‍ അവസാന ലാപ്പില്‍ അത്ഭുതക്കുതിപ്പ് നടത്തുകയായിരുന്നു. അതിവേഗത്തില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയ താരം ഫോട്ടോഫിനിഷില്‍ ജാപ്പനീസ് താരത്തെ മറികടന്ന് ഒന്നാമതെത്തി. ഇതിനുമുന്‍പ് രണ്ട് തവണ വെള്ളി മെഡല്‍ നേടിയതാണ് ഈ ഇനത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം. 1998 ഏഷ്യന്‍ ഗെയിംസില്‍ സുനിത റാണിയും 2010-ല്‍ മലയാളിതാരം പ്രീജ ശ്രീധരനും വനിതകളുടെ 5000 മീറ്ററില്‍ വെള്ളി നേടിയിട്ടുണ്ട്. പാറുളിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. നേരത്തേ 3000 മീറ്റര്‍ വനിതകളുടെ സ്റ്റീപിള്‍ചേസില്‍ പാറുള്‍ വെള്ളി നേടിയിരുന്നു. 5000 മീറ്ററില്‍ ഇന്ത്യയുടെ ദേശീയ റെക്കോഡ് ജേതാവ് കൂടിയാണ് പാറുള്‍. 13:19.30 മിനിറ്റാണ് താരത്തിന്റെ മികച്ച സമയം. പാറുളിലൂടെ ഇന്ത്യ 14-ാം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. നിലവില്‍ 14 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലവുമടക്കം 64 മെഡലുകള്‍ നേടിയ ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!