ഇനി വേദനയില്ലാത്ത ലോകത്ത്; പിതാമകൻ സിനിമയുടെ നിർമാതാവ് വി.എ. ദുരൈ അന്തരിച്ചു

ചെന്നൈ: പിതാമകൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാവ് വി.എ. ദുരൈ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ വിവിധ അവശതകളേത്തുടർന്ന് ചികിത്സയിൽക്കഴിയുകയായിരുന്നു. രജനികാന്ത് നായകനായ ബാബ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ദുരൈ.
ആശുപത്രിവാസത്തിനുശേഷം വീട്ടിൽ ചികിത്സയിൽക്കഴിയവേയായിരുന്നു അന്ത്യം. ബാബയ്ക്കും പിതാമകനും പുറമേ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരുപിടി ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു ദുരൈ. പ്രമേഹം മൂർച്ഛിച്ചതിനേത്തുടർന്ന് അടുത്തിടെ അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു.
തന്റെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നടന്മാരായ രജനികാന്ത്, സൂര്യ, വിക്രം, രാഘവ ലോറൻസ്, കരുണാസ് തുടങ്ങിയവർ ദുരൈക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. വിജയകാന്ത് നായകനായ ഗജേന്ദ്ര, സത്യരാജ് നായകനായ എന്നമ്മാ കണ്ണ്, വിവരമാന ആള്, കാർത്തിക് മുഖ്യവേഷത്തിലെത്തിയ ലൗലി എന്നീ ചിത്രങ്ങളും നിർമിച്ചത് ദുരൈ ആയിരുന്നു.
ബാലയുടെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പിതാമകൻ. സിത്തൻ എന്ന കഥാപാത്രമായി വിക്രമും ശക്തി എന്ന കഥാപാത്രമായി സൂര്യയുമാണെത്തിയത്. സംഗീത, ലൈല, കരുണാസ്, മഹാദേവൻ എന്നിവരായിരുന്നു മറ്റുവേഷങ്ങളിൽ. ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

