മഞ്ചേശ്വരം മേഖലയിലെ കുടിവെള്ളക്ഷാമം: കടൽവെള്ള ശുദ്ധീകരണ പ്ലാന്റിന് നീക്കം

കാസർകോട് : ജില്ലയുടെ വടക്കൻ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കടൽവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ നീക്കം. കാസർകോട് വികസന പാക്കേജിൽ ജില്ലാ ഭരണകൂടമാണ് പ്ലാന്റ് പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. മഞ്ചേശ്വരം മേഖലയിൽ കടൽവെള്ളം ശുദ്ധീകരിച്ച് പ്രതിദിനം 10 ലക്ഷം ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കമ്പനികളിൽനിന്ന് അതിനായി താത്പര്യപത്രം ക്ഷണിച്ചു. പ്ലാന്റ് സ്ഥാപിച്ച് പൈപ്പിലൂടെ വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്ത് മുൻപരിചയമുള്ള കമ്പനികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. കടൽവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, മുൻപരിചയം, ജലവിതരണ മേഖലയിലെ പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടുത്തിയുള്ള അപേക്ഷ ഒക്ടോബർ 23-നകം സമർപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വേനൽക്കാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മഞ്ചേശ്വരം താലൂക്കിലാണ്. വരണ്ട മേഖലയിൽ കുഴക്കിണർ വഴിയുള്ള ഭൂഗർഭജല ചൂഷണവും വലിയ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റിവരളുന്ന പുഴകളാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ മഴയെയും പുഴയെയും ആശ്രയിക്കാനാകാത്തതിനാലാണ് കടൽവെള്ള ശുദ്ധീകരണ പദ്ധതിയെക്കുറിച്ച് ജില്ലാ ഭരണകൂടം ആലോചന തുടങ്ങിയത്. കടൽവെള്ളം ശുദ്ധീകരിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും ഉണ്ടാകുന്ന ചെലവും മറ്റ് കാര്യങ്ങളും പരിശോധിച്ചശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്ന് കാസർകോട് പാക്കേജ് സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ പറഞ്ഞു

