ഭാര്യയെയും രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി പോലീസുകാരന്‍ ജീവനൊടുക്കി

വിശാഖപട്ടണം: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരൻ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്.
ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി 11 മണിവരെ വെങ്കിടേശ്വരലു പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിനുശേഷം സ്റ്റേഷനില്‍ നിന്ന് തോക്കും തിരകളും കൈക്കലാക്കി വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്നങ്ങളുമാണ് പോലീസുകാരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

