ഒറ്റച്ചാര്‍ജില്‍ 300 കി.മീ. യാത്ര; വാഹനവ്യൂഹത്തില്‍ ഇലക്ട്രിക് ബൈക്ക് ഉള്‍പ്പെടുത്തി ഷാര്‍ജ പോലീസ്

ഷാർജ: ഇന്ധനച്ചെലവ് ലാഭിക്കുന്നതിനും മലിനീകരണ മുക്തമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാതൃക ഒരുക്കി പോലീസ് വാഹന വ്യൂഹത്തിലേക്ക് ഇലക്ട്രിക് ബൈക്കുകള്‍ എത്തിച്ച് ഷാര്‍ജ പോലീസ്. പോലീസിന്റെ ട്രാഫിക് ഫ്ളീറ്റിലേക്കാണ് യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മിച്ച ഇലക്ട്രിക് ബൈക്കുകള്‍ എത്തിച്ചിരിക്കുന്നത്. സുല്‍മി ഇ.ബി-വണ്‍ എന്ന പേരിലാണ് ഇലക്ട്രിക് മോട്ടോര്‍ബൈക്ക് എത്തിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നടന്ന ഷാര്‍ജ സാമ്പത്തിക സുസ്ഥിരത ഫോറത്തിലാണ് ബൈക്ക് അവതരിപ്പിച്ചത്. എമിറേറ്റില്‍ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്മാര്‍ട്ട് ബൈക്ക് രൂപകല്പന ചെയ്തത്. വാഹനത്തില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് ഈ ബൈക്കുകള്‍ ഡിസൈന്‍ ചെയ്തത്. രണ്ടര വര്‍ഷം കൊണ്ടാണ് ഈ ഇമിറാത്തി നിര്‍മിത വൈദ്യുത ബൈക്കുകള്‍ പൂര്‍ത്തിയായി പോലീസ് സേനയില്‍ എത്തിയത്. മെക്കാനിക്കലായി വലിയ സവിശേഷതകളോടെയാണ് ഈ ഇലക്ട്രിക് ബൈക്ക് ഒരുങ്ങിയിരിക്കുന്നത്. 10.4 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. കേവലം 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷത. മണിക്കൂറില്‍ 155 കിലോമീറ്ററാണ് ഈ ഇലക്ട്രിക് ബൈക്കുകളുടെ പരമാവധി വേഗത. അഞ്ച് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. പോലീസ് സേനയ്ക്ക് വേണ്ടി ഒരുങ്ങിയിട്ടുള്ള വാഹനങ്ങളില്‍ റോഡുകളെക്കുറിച്ച് സമഗ്രവിവരങ്ങള്‍ നല്കാന് കഴിയുന്ന റഡാര്‍, നാലുക്യാമറകള്‍ തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് നല്‍കിയിട്ടുള്ളത്. 12000 ദിര്‍ഹമാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ എത്തിയ ഈ വാഹനങ്ങള്‍ക്ക് പുറമെ ഭാവിയില്‍ സേനയുടെ വാഹനവ്യൂഹത്തിലേക്ക് കൂടുതല്‍ വൈദ്യുതബൈക്കുകള് ചേര്‍ക്കുമെന്നാണ് വിവരം.

