KSDLIVENEWS

Real news for everyone

ഗസ്സയില്‍ മരണസംഖ്യ 1500 കടന്നു; ഇന്ന് ലോകമെമ്പാടും ഫലസ്തീൻ ഐക്യദാര്‍ഢ്യ ദിനാചരണം

SHARE THIS ON

തെല്‍ അവീവ്: ഈജിപ്തിലെ റഫ അതിര്‍ത്തി വഴി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഇസ്രായേല്‍ എതിര്‍പ്പ് മൂലം വിജയം കണ്ടില്ല.

ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക് സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. വ്യോമാക്രമണം കൂടുതല്‍ കടുത്തതോടെ ഗസ്സയില്‍ മരണസംഖ്യ 1537 ആയി ഉയര്‍ന്നു. ലോകമൊന്നാകെ ഇന്ന് ഫലസ്തീൻ ഐക്യദാര്‍ഢ്യ ദിനാചരണം നടക്കും.

അന്തര്‍ദേശീയ സമ്മര്‍ദം വകവെക്കാതെ ഗസ്സക്കു മേല്‍ ഉപരോധവും ആക്രമണവും കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഒന്നുകില്‍ വിജയം അതല്ലെങ്കില്‍ മരണം എന്നതു മാത്രമാണ് ഇസ്രായേലിനു മുമ്ബാകെയുള്ള മാര്‍ഗമെന്ന് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യും വരെ യുദ്ധം അതെത്ര കഠിനമായാലും തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണുമായുള്ള ചര്‍ച്ചയിലും നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഇതോടെ ഈജിപ്തിന്‍റെ റഫ അതിര്‍ത്തി മുഖേനയുള്ള സഹായനീക്കവും സുരക്ഷിതപാത ഒരുക്കലും വഴിമുട്ടി. ഹമാസ് പിടിയിലുള്ള ബന്ദികളുടെ മോചനത്തിന് ഖത്തര്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയെ ആശ്രയിച്ചിരിക്കുകയാണ് ഇനി മറ്റു കാര്യങ്ങള്‍.

ഗസ്സക്കുമേല്‍ ആക്രമണം വ്യാപകമായതോടെ ആരോഗ്യ മേഖല ഉള്‍പ്പെടെ എല്ലാം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഗസ്സയില്‍ ഉയര്‍ന്നു. 6612 പേര്‍ക്കാണ് പരിക്ക്. പുതുതായി ആരെയും പ്രവേശിപ്പിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് ഗസ്സയിലെ ആശുപത്രികള്‍. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തില്‍ താമസ കേന്ദ്രങ്ങളില്‍ ബോംബ് പതിച്ച്‌ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. കരയാക്രമണം ഉള്‍പ്പെടെ എല്ലാം നിശ്ചിത സമയത്ത് നടക്കുമെന്ന് സൈന്യം അറിയിച്ചു. ലബനാൻ അതിര്‍ത്തി മേഖലയിലും സംഘര്‍ഷത്തിന് മാറ്റമില്ല. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇസ്രായേല്‍ സൈനികൻ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ പ്രവിശ്യകള്‍ക്കു നേരെയുള്ള ഹമാസ് റോക്കറ്റാക്രമണം ഇന്ന് വെളുപ്പിനും തുടര്‍ന്നു. തെല്‍ അവീവിലും ഫൈഹയിലും സിദ്റത്തിലും റോക്കറ്റുകള്‍ പതിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ ചെയ്തികള്‍ക്കെതിരെ പോരാടുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാര്‍ഡ്യം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ ഐക്യദാര്‍ഢ്യ ദിനാചരണം ഇന്ന് നടക്കാനിരിക്കെ, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ലക്ഷങ്ങള്‍ തെരുവിലിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!