പലസ്തീൻ ജനതയ്ക്കെതിരെ ക്രൂരമായ ആക്രമണം, പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനെന്ന് ഒഐസി

റിയാദ്: പലസ്തീനിലെ ജനങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണത്തിന്റെയും അനന്തരഫലങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം അധിനിവേശ ശക്തിയായ ഇസ്രയേലിനാണെന്ന് ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണങ്ങള്‍ ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേല്‍ അധിനിവേശ സേനയെ നിര്‍ബന്ധിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ഗാസ മുനമ്ബിലേക്ക് മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വരവ് സുഗമമാക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കണമെന്നും ഒ.െഎ.സി ആവശ്യപ്പെട്ടു. ഗാസയില്‍ പലസ്തീൻ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന സൈനികാക്രമണത്തെ ഒ.െഎ.സി വീണ്ടും ശക്തമായി അപലപിച്ചു. 1200-ലധികം പേര് മരിക്കുകയും സിവിലിയന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ജനവാസ കെട്ടിടങ്ങള്‍, സിവിലിയൻ സ്ഥാപനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ കെട്ടിടങ്ങള്‍ എന്നിവ നശിപ്പിക്കുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തിരിക്കുന്നു. അല്‍അഖ്സ മസ്ജിദിനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കിലെ നഗരങ്ങളില്‍ ദിവസേനയുള്ള ആസൂത്രിത ആക്രമണങ്ങളും കൊലയും തുടരുകയാണ്. പലസ്തീൻ ജനതയ്ക്കെതിരായ ഈ ക്രൂരമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനവും യുദ്ധക്കുറ്റവുമാണെന്നും ഒ.െഎ.സി വ്യക്തമാക്കി. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗാസക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യം സൗദി അറേബ്യ ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച്, ഇറാൻ, തുര്‍ക്കിയ പ്രസിഡൻറുമാരുമായി ഫോണില്‍ സംസാരിച്ച കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്മാൻ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതിെൻറയും മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരേണ്ടതിൻറെയും ആവശ്യകത ഊന്നിപ്പറഞ്ഞു. ബുധനാഴ്ച രാത്രി ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവേല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കിരീടാവകാശി ഗാസയിലെ ഉപരോധം പിൻവലിക്കേണ്ടതിെൻറ അടിയന്തര ആവശ്യകതയിലാണ് ഊന്നിയത്. ഗാസയിലും പരിസരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സൈനികവ്യന്യാസത്തെ കേന്ദ്രീകരിച്ചായിരുന്നു അധികവും സംഭാഷണം. നിരപരാധികള്‍ക്ക് ജീവഹാനി വരുത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താൻ അടിയന്തര ഇടപെടല്‍ നടത്തേണ്ടതുണ്ടെന്ന് കിരീടാവകാശി എടുത്തുപറഞ്ഞു. ഗാസക്കെതിരായ ഉപരോധം നീക്കുന്നതിൻറെ നിര്‍ണായക വശം ഉള്‍പ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍, സംഘര്‍ഷത്തിെൻറ തീവ്രത കുറയ്ക്കുന്നതിനുള്ള ആശയവിനിമയ ശ്രമങ്ങള്‍ സജീവമാക്കാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. മേഖലയുടെ സ്ഥിരതക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതില്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും കിരീടാവകാശി വ്യക്തമാക്കി.

