മോദിക്കെതിരെ പരാമർശം: ബിജെപിയുടെ പരാതിയിൽ പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. നോട്ടിസിന് ഒക്ടോബർ 30നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ക്ഷേത്രത്തിൽ കാണിക്കയിട്ടതിനെക്കുറിച്ച് നടത്തിയ പരാമർശത്തിലാണു നടപടി. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന ബിജെപിയുടെ പരാതിയിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.
രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ പരാമർശമുണ്ടായത്. ‘‘ഒരു ക്ഷേത്രത്തിൽ സന്ദർശനത്തിനിടെ മോദി നൽകിയ സംഭാവനയുടെ കവർ തുറന്നപ്പോൾ അതിൽ 21 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു ടിവിയിൽ കണ്ടതായി ഒക്ടോബർ 20ന് രാജസ്ഥാനിലെ ദൗസയിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ വാർത്ത ടിവിയിലാണ് കണ്ടതെന്നും ഇക്കാര്യം ശരിയാണോ അല്ലയോ എന്ന് അറിയില്ലെന്നും അവർ പറഞ്ഞു’’– ബിജെപിയുടെ പരാതിയിൽ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന്റെ വിഡിയോയും ബിജെപി പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിൽ നിയസമഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു നടപടി. ഛത്തീസ്ഗഡ് മന്ത്രി മുഹമ്മദ് അക്ബറിനെ ലക്ഷ്യമിട്ടായിരുന്നു ഹിമന്തയുടെ പരാമർശമെന്നായിരുന്നു കോൺഗ്രസിന്റെ പരാതി. ഒക്ടോബർ 18ന് ഛത്തീസ്ഗഡിലെ കവർധയിൽ നടത്തിയ പ്രസംഗത്തിനിടെ ‘അക്ബറിനെ പുറത്താക്കിയില്ലെങ്കിൽ മാതാ കൗശല്യയുടെ നാട് അശുദ്ധമാകു’മെന്നായിരുന്നു ഹിമന്തയുടെ പരാമർശം.

