അല്‍-ശിഫ ആശുപത്രിയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍; ഹമാസ് കമാൻഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം തെളിയിക്കാനായില്ല

തെല്‍ അവിവ്: ഗസ്സയിലെ അല്‍-ശിഫ ആശുപത്രിയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ സേന. ആശുപത്രിയില്‍ ഹമാസ് കമാൻഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഇസ്രായേലിന് തെളിയിക്കാനായില്ല.
ബന്ദിയുടെ മൃതദേഹവും ടണലും കണ്ടെത്തിയെന്നാണ് അവകാശവാദം. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ ഒരു ഭാഗം ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് ഇസ്രായേല്‍ സേന ലഘുലേഖ വിതറി.
പരിക്കേറ്റവരടക്കം ഏഴായിരത്തോളം പേരുള്ള അല്‍ ശിഫയില്‍ കെട്ടിട ഭാഗങ്ങള്‍ തകര്‍ത്ത് യുദ്ധ ടാങ്കടക്കം വാര്‍ഡുകള്‍ക്കുള്ളില്‍ കയറ്റിയാണ് ഇസ്രായേല്‍ അതിക്രമം. തലങ്ങും വിലങ്ങും വെടിവെപ്പ് തുടരുകയാണെന്നും ഡയറക്ടര്‍ അറിയിച്ചു. നൂറുകണക്കിന് പേരെയാണ് കണ്ണുകെട്ടി നഗ്നരാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്. ആശുപത്രിയില്‍ വെള്ളവും ഓക്സിജനുമടക്കം നിലച്ചു. ആശുപത്രിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന ഇസ്രായേല്‍ അവകാശവാദം തെറ്റെന്ന് ആവര്‍ത്തിച്ച് ഹമാസ് രംഗത്തെത്തി. ദൃശ്യങ്ങളടക്കം തെളിവ് നല്‍കിയായിരുന്നു ഹമാസ് വിശദീകരണം.
ഗസ്സയിലുടനീളം ഇസ്രായേല്‍ വ്യോമാക്രണം തുടരുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് ഒഴിയണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ സേന ലഘുലേഖ വിതറി. വടക്കൻ ഗസ്സയില്‍ നിന്ന് പലായനം ചെയ്തെത്തിയവരാണ് ഖാൻ യൂനിസില്‍ ഏറെയുള്ളത്. ഗസ്സ സിറ്റിയില്‍ മൃതദേഹങ്ങള്‍ റോഡില്‍ നിന്ന് മാറ്റാനെത്തുന്നവരെ പോലും ഇസ്രായേല്‍ ആക്രമിക്കുന്നു. ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 56 ആയി. ഇസ്രായേല്‍ സിറിയയിലേക്ക് തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തിട്ടെന്ന് സൈന്യം അറിയിച്ചു. ലബനാൻ -ഇസ്രായേല്‍ അതിര്‍ത്തിയിലും സംഘര്‍ഷം കനക്കുകയാണ്.

