ഇസ്രായേല്‍ വാദം പൊളിഞ്ഞു; അല്‍ശിഫക്ക് താഴെ ബങ്കറുകള്‍ നിര്‍മിച്ചത് തങ്ങള്‍ തന്നെയെന്ന് മുൻ പ്രധാനമന്ത്രി യഹുദ് ബറാക്

തെല്‍ അവിവ്: ഗസ്സയിലെ അല്‍ശിഫ ആശുപത്രിക്ക് താഴെ ഹമാസിന്റെ ബങ്കറുകള്‍ കണ്ടെത്തിയെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വാദം പൊളിയുന്നു. ബങ്കറുകള്‍ തങ്ങള്‍ തന്നെ നിര്‍മിച്ചതാണെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക് രംഗത്തെത്തി. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഇസ്രായേല്‍ തന്നെ നിര്‍മിച്ച തുരങ്കങ്ങളാണ് ഹമാസ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് സി.എൻ.എന്നിന് നല്കിയ അഭിമുഖത്തില്‍ ബറാക് പറഞ്ഞു. ‘അല്‍ ശിഫക്കു താഴെ ഇസ്രായേല്‍ ഒരുക്കിയ ബങ്കറുകള്‍ ഹമാസ് തങ്ങളുടെ കേന്ദ്രമായി ഉപയോഗിച്ചുവരുന്നുവെന്ന് വര്‍ഷങ്ങളായി അറിയാവുന്നതാണ്. ഒരു ജങ്ഷനെന്ന നിലക്ക് നിരവധി ബങ്കറുകള്‍ ഇതിന്റെ ഭാഗമാണ്. നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ മുമ്ബാണ് തങ്ങള്‍ സഹായിച്ച് ഈ ബങ്കറുകള്‍ നിര്‍മിക്കുന്നതെന്നും ആശുപത്രി പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇടം നല്കലായിരുന്നു ലക്ഷ്യം’-ബറാക് പറഞ്ഞു. 1967ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തില്‍നിന്നാണ് ഗസ്സ ഇസ്രായേല്‍ പിടിച്ചടക്കുന്നത്. പിന്നീട് 2005 വരെ ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. അതിന് ശേഷമാണ് ഗസ്സ ഹമാസിന്റെ നിയന്ത്രണത്തില്‍ വരുന്നത്. അല്‍ശിഫ ആശുപത്രിക്ക് കീഴില്‍ ഹമാസിന്റെ സൈനിക ബങ്കറുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയത്. ആശുപത്രിയിലെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെയും ഇൻക്യുബേറ്ററുകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. രോഗികളും ആരോഗ്യപ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് ആശുപത്രിക്കുള്ളില്‍ കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് കൂട്ടത്തോടെ മറമാടുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ദിവസങ്ങള്‍ നീണ്ട ആക്രമണത്തിന് ശേഷം ആശുപത്രിയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തിന് കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. ആക്രമണം ലോകത്തിന് മുന്നില്‍ ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് ആശുപത്രിക്കകത്ത് ഹമാസിന്റെ ബങ്കര്‍ കണ്ടെത്തിയെന്ന ന്യായീകരണവുമായി ഇസ്രായേല്‍ രംഗത്തെത്തിയത്. ആശുപത്രിയുടെ അടിയില്‍ 55 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയെന്നായിരുന്നു ഇസ്രായേല്‍ വാദം. എന്നാല്‍ ഇത് പൊളിച്ചുകൊണ്ടാണ് മുൻ പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

