‘ഇന്ത്യയുടെ കരുത്തിലുള്ള ആത്മവിശ്വാസം വര്‍ധിച്ചു’; തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി-VIDEO

ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശ നിര്‍മിത തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി യുദ്ധവിമാനത്തില്‍ യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘തേജസ് വിമാനത്തില്‍ വിജയകരമായി ഒരു ചെറുയാത്ര പൂര്‍ത്തിയാക്കി. അവിശ്വസനീയവും അതിവിശിഷ്ടവുമായ ആ അനുഭവം നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളിലുള്ള എന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു. ഇന്ത്യയുടെ കരുത്തില്‍ ഞാനനുഭവിക്കുന്ന അഭിമാനത്തിലും ശുഭാപ്തിവിശ്വാസത്തിലുമുള്ള പുത്തനുണര്‍വാണ് ഈ യാത്ര എനിക്ക് സമ്മാനിച്ചത്’, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ നിര്‍മ്മാണകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വിമാനയാത്ര. സന്ദര്‍ശനത്തിനിടെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഒരു സീറ്റുള്ള യുദ്ധ വിമാനമാണ് തേജസ്. എന്നാല്‍ പരിശീലന ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച വ്യോമസേനയുടെ രണ്ട് സീറ്റുള്ള പ്രത്യേക തേജസ് വിമാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ഇന്ത്യന്‍ നാവികസേനയ്ക്കും ഇരട്ട സീറ്റുള്ള തേജസ് വിമാനങ്ങളുണ്ട്. ഇന്ത്യയുടെ ‘തേജസ്’ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ (എല്‍.സി.എ) തേജസ് 4.5-ജനറേഷനില്‍ പെട്ട വിവിധോദ്ദേശ്യ യുദ്ധവിമാനമാണ്. കാര്യക്ഷമമായ വ്യോമാക്രമണം നടത്തുന്നതിനും കരമാര്‍ഗമുള്ള സൈനികദൗത്യങ്ങള്‍ക്ക് ആകാശത്ത് നിന്ന് പിന്തുണ നല്‍കുന്നതിനുമായാണ് തേജസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമാനമായ യുദ്ധവിമാനങ്ങളുമായി താരത്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് തേജസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. പറക്കലിനിടെ ഇതുവരെ ഒരു അപകടവും ഉണ്ടാക്കിയിട്ടില്ല എന്ന നേട്ടവും തേജസിനുണ്ട്. നിലവില്‍ 40 തേജസ് മാര്‍ക്ക്-1 യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ളത്. 83 മാര്‍ക്ക്-1 വിമാനങ്ങള്‍ക്ക് കൂടി വ്യോമസേന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 34,468 കോടി രൂപയുടെ ഓര്‍ഡറാണ് ഇത്. നവംബര്‍ ആദ്യം ദുബായ് എയര്‍ ഷോയില്‍ തേജസ് വിമാനവും പങ്കെടുത്തിരുന്നു. വമ്പന്‍ യുദ്ധ വിമാനങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള തേജസിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് എച്ച്.എ.എല്‍. തേജസ് വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. പിന്നീട് നാവികസേനയ്ക്കായുള്ള തേജസിന്റെ വകഭേദവും എച്ച്.എ.എല്‍. നിര്‍മ്മിച്ചു. തേജസ് വിമാനങ്ങളിലെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫ്ളൈ-ബൈ-വയര്‍ സിസ്റ്റം എച്ച്.എ.എല്ലിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഒക്ടോബറിലാണ് ഇരട്ട സീറ്റുകളുള്ള തേജസ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഇരട്ട സീറ്റുള്ള 18 തേജസ് വിമാനങ്ങള്‍ക്ക് കൂടി വ്യോമസേന എച്ച്.എ.എല്ലിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം അടുത്ത വര്‍ഷത്തോടെയും ബാക്കി 10 വിമാനങ്ങള്‍ 2026-27 ഓടെയും കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്

