KSDLIVENEWS

Real news for everyone

സന്ധിയല്ല പരിഹാരം, ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കലാണ്; ഹമാസ്

SHARE THIS ON

ഗസ്സയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സന്ധി അല്ലെന്നും ഇസ്രായേല്‍ അധിനിവേശം അവസാനിപ്പക്കലാണെന്നും ഹമാസ് വക്താവ്. ‘സന്ധിയുണ്ടാവുക എന്നതല്ല പരിഹാരം. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തുകയാണ് യഥാര്‍ഥ പരിഹാരം’- വക്താവ് ഒസാമ ഹംദാൻ പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞങ്ങള്‍ എല്ലാ മധ്യസ്ഥരുമായും സംസാരിക്കാൻ സമയം ചെലവഴിച്ചു. ആക്രമണം അവസാനിപ്പിക്കാനുള്ള ഒരു ഫോര്‍മുലയിലെത്താൻ ശ്രമിക്കുന്ന ഈജിപ്തിന്റെയും ഖത്തറിന്റേയും ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു. എന്നാല്‍ വീണ്ടുമുണ്ടായ ആക്രമണം എല്ലാം അവസാനിപ്പിച്ചു. നമ്മുടെ ജനങ്ങളുടെ താല്‍പര്യത്തിന് പ്രയോജനം ചെയ്യുന്ന രീതിയില്‍, ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏത് ശ്രമത്തിനും ഞങ്ങള്‍ തയാറാണ്’. ‘ഞങ്ങള്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ അധിനിവേശ ഭരണകൂടം വിസമ്മതിച്ചു. കാരണം ഗസ സ്ട്രിപ്പില്‍ ക്രിമിനല്‍ ആക്രമണം പുനരാരംഭിക്കാൻ അവര്‍ മുൻകൂട്ടി തീരുമാനിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഹമാസ് നേതൃത്വം സഹകരിക്കുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ഖത്തറും ഈജിപ്തും ഒഴികെയുള്ള രാജ്യങ്ങള്‍ കൂടുതല്‍ ശ്രമം നടത്താൻ തയാറാവുന്നില്ല. അമേരിക്കൻ ഭരണകൂടം ഇസ്രായേലിനു മേല്‍ വലിയ സമ്മര്‍ദം ചെലുത്തിയിട്ടില്ല’- ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗസ്സയ്ക്കു നേരെ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഹമാസ് വക്താവിന്റെ പ്രസ്താവന പുറത്തുവന്നത്. ഇന്ന് മാത്രം 70 പേരെയാണ് ഗസ്സയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. തെക്കൻ ഗസ്സയിലുള്ളവരോടും ഒഴിഞ്ഞുപോകാൻ ഭീഷണിമുഴക്കുകയാണ് ഇസ്രായേല്‍ സേന. ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം ലഘുലേഖകള്‍ വിതറി. ആക്രമണം ഇനിയും രൂക്ഷമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!