കോണ്‍ഗ്രസിന് ആശ്വസിക്കാൻ തെലങ്കാന മാത്രം; കൈയിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും പോയി

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം തെളിയവേ തിരിച്ചടിയേറ്റ് കോണ്‍ഗ്രസ്.
കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായപ്പോള്‍ ആശ്വസിക്കാനുള്ളത് തെലങ്കാനയിലെ വിജയം മാത്രം. ബി.ജെ.പിയോട് നേര്‍ക്കുനേര്‍ പോരാടിയ മൂന്നിടത്തും- രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- കോണ്‍ഗ്രസിന് പരാജയം രുചിക്കേണ്ടിവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം ഫലത്തില്‍ ഇൻഡ്യ മുന്നണിക്കും തിരിച്ചടിയാണ്.
മധ്യപ്രദേശില്‍ കനത്ത ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് ബി.ജെ.പിയുടെ ജയം. ഹിന്ദി ബെല്‍റ്റിലെ നിര്‍ണായ സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വിജയം കാവിപ്പാര്‍ട്ടിക്ക് വരും തെരഞ്ഞെടുപ്പുകളെ നേരിടാൻ ഏറെ ആത്മവിശ്വാസം നല്‍കും. മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ ബി.ജെ.പിക്കുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളിലെ
പ്രവചനം. രാജസ്ഥാനില്‍ അധികാരം തിരിച്ചുപിടിച്ച് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസത്തെ തന്നെ തകര്‍ത്തിരിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസിന്‍റെ ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങളിലേക്കുള്‍പ്പടെ വിരല്‍ചൂണ്ടുന്നതാണ് രാജസ്ഥാനിലെ ബി.ജെ.പി ജയം.
ഛത്തീസ്ഗഡിലും ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിച്ചപ്പോള്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയായി.
തെലങ്കാനയില്‍ മിന്നും ജയമാണ് കോണ്‍ഗ്രസ് നേടിയത്. അധികാരത്തിലുള്ള ബി.ആര്‍.എസിനെയും വാഗ്ദാനപ്പെരുമഴയുമായെത്തിയ ബി.ജെ.പിയെയും ഒരുപോലെ നേരിട്ടാണ് കോണ്‍ഗ്രസ് ജയം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തന്നെ മുന്നില്‍ നിന്നയാളാണ് നിലവിലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. രണ്ടുതവണത്തെ തെരഞ്ഞെടുപ്പിലും ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ നായകനായപ്പോള്‍ ഇത്തവണ കോണ്‍ഗ്രസിന് മുന്നില്‍ അടിപതറി. രണ്ടിടത്ത് മത്സരിച്ച ചന്ദ്രശേഖര്‍ റാവു കാമറെഡ്ഡി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനോട് പരാജയപ്പെടുന്ന കാഴ്ചയാണ്.

