പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; എസ്.ഐ അടക്കം മൂന്നുപൊലീസുകാര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസിന് തിരിച്ചടി. എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഗസ്ത് 29 – നാണ് കാസര്‍കോട് അംഗടിമുഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ചത്. ഫര്‍ഹാസിന്റെ മാതാവ് സഫിയയുടെ പരാതി പരിഗണിച്ചാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 എസ് ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ എസ് ആര്‍ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് കേസ്. നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.സഫിയയുടെ മൊഴി കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തി. കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടാവാത്തതോടെയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 25ന് സ്കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 29നായിരുന്ന മരണം. മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നുവെങ്കിലും സംഭവത്തില്‍ പൊലീസിന് വീഴ്ച്‌ച ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയത്. പൊലീസ് പിന്തുടരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ട കോടതി സാക്ഷികളുടെ മൊഴിയെടുക്കുന്നതിനായി കേസ് 2024 ജനുവരി ആറിലേക്ക് മാറ്റി.

