KSDLIVENEWS

Real news for everyone

പുന:സംഘടന നിര്‍ത്തി വച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്തി അറിയിച്ച്‌ കെ.സുധാകരന്‍; എംപിമാരുടെ പരാതി കൈമാറാന്‍ തയ്യാറാവണം

SHARE THIS ON

തിരുവനന്തപുരം: എം.പിമാരുടെ പരാതിയില്‍ കെപിസിസി പുന:സംഘടന (KPCC reorganisation) നിര്‍ത്തിവച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്തി അറിയിച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

ഡിസിസി പുന:സംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നല്‍കുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അര്‍ധരാത്രിയോടെ പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്‍്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പുന:സംഘടനയില്‍ എംപിമാര്‍ക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ നടത്തിയത്.

എന്നാല്‍ എഐസിസിയുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയാണ് കെ.സുധാകരനുള്ളത്. പാര്‍ട്ടിയിലെ ഗ്രൂപ്പുകളുമായി വിവിധ വിഭാഗം നേതാക്കളുമായും മാരത്തണ്‍ ച‍ര്‍ച്ചകള്‍ നടത്തിയലും എല്ലാരില്‍ നിന്നും അഭിപ്രായങ്ങളും നി‍ര്‍ദേശങ്ങളും സ്വീകരിച്ച ശേഷമാണ് കെപിസിസി ഡിസിസി പുനസംഘടന പട്ടിക തയ്യാറാക്കിയതെന്ന് കെ.സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. പുന:സംഘടനയില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തില്‍ പുനസംഘടന നിര്‍ത്തിവച്ചതിനെ കെപിസിസി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്.

പിന്‍വാതിലിലൂടെ പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരന്‍ എഐസിസി നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പുനസംഘടനുമായി ബന്ധപ്പെട്ട് എംപിമാര്‍ പരാതി നല്‍കിയെങ്കില്‍ ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാന്‍ഡിനോട് സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സുധാകരനും വിഡി സതീശനും ചേര്‍ന്നുള്ള പുതിയ നേതൃത്വമാണ് പുനസംഘടനയ്ക്ക് നേതൃത്വം കൊടുത്തതതെങ്കിലും ഇപ്പോള്‍ സതീശനും കെ.സി.വേണുഗോപാലും ചേര്‍ന്ന് പുതിയൊരു ശാക്തികചേരി രൂപപ്പെട്ടതായി സുധാകരന്‍ കരുതുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഐ ഗ്രൂപ്പുമായി സുധാകരന്‍ കൂടുതല്‍ അടുക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!