ബിജെപിയില്‍ ചേര്‍ന്നാല്‍ സിസോദിയയ്ക്ക് നാളെത്തന്നെ പുറത്തിറങ്ങാം: കേജ്‌രിവാള്‍

“ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി∙ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത് ഡല്‍ഹിക്കാരെ നന്നായി സേവിച്ചതിനെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മദ്യനയത്തില്‍ അഴിമതിയേ ഇല്ലെന്നും കേജ‌്‍രിവാൾ പറഞ്ഞു. സിസോദിയയുടെ വസതിയും ലോക്കറും പരിശോധിച്ചിട്ട് ആയിരം രൂപ പോലും കിട്ടിയില്ല. സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെത്തന്നെ അദ്ദേഹത്തിന് ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും കേജ്‍രിവാൾ അറിയിച്ചു. ‘‘മനീഷ് സിസോദിയ ഇന്ന് ബിജെപിയിൽ ചേർന്നാൽ അദ്ദേഹം നാളെ തന്നെ പുറത്തിറങ്ങില്ലേ? എല്ലാ കേസുകളും പിൻവലിക്കും. സത്യേന്ദർ ജെയ്നും ബിജെപിയിൽ ചേർന്നാൽ എല്ലാ കേസുകളും പിൻവലിക്കുകയും അദ്ദേഹത്തെ പുറത്തിറക്കുകയും ചെയ്യും. പ്രശ്നം അഴിമതിയൊന്നുമല്ല. മറിച്ച് ആരെയും ജോലി ചെയ്യാൻ അനുവദിക്കരുത്, പ്രതിപക്ഷത്തിന്റെ പിറകെ സിബിഐയെയും ഇഡിയെയും അയയ്ക്കണം’’– കേജ്‍രിവാൾ പറഞ്ഞു. എഎപിയുടെ ഏറ്റവും മികച്ച പ്രവർത്തനം ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലാണെന്നു ചൂണ്ടിക്കാട്ടിയ കേജ്‍രിവാൾ ഡൽഹിയുടെ വിദ്യാഭ്യാസ മോഡൽതന്നെ സിസോദിയ പരിഷ്കരിച്ചിരുന്നെന്നു പറഞ്ഞു. സത്യേന്ദർ ജെയ്നാണ് ഡൽഹിക്ക് മൊഹല്ല ക്ലിനിക്കുകൾ സമ്മാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സിസോദിയയും കേജ്‌രിവാളും മാത്രമല്ല പാര്‍ട്ടിക്ക് നിരവധി നേതാക്കളുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു”

