ഹരിദ്വാറില്‍ ‘ആര്.എസ്.എസ്-കൗരവ’ കുരുക്ക്; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്

ഡെറാഡൂണ്‍: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഉത്തരാഖണ്ഡിലും രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ആര്.എസ്.എസ്സിനെ വിമര്‍ശിക്കാന്‍ നടത്തിയ ‘കൗരവര്‍’ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഇത്തവണ നിയമനടപടി. ഹരിദ്വാര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. കാക്കി നിക്കറും കൈയില്‍ കുറുവടിയുമുള്ള 21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്.എസ്.എസ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാജ്യത്തെ രണ്ടുമൂന്നു ശതകോടീശ്വരന്മാര് കൗരവന്മാര്ക്കൊപ്പമാണുള്ളതെന്നും വിമര്‍ശനമുണ്ടായിരുന്നു. ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ കുരുക്ഷേത്രയില്‍ വെച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്.എസ്.എസ് പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമല്‍ ഭദോരിയയാണ് പരാതി നല്‍കിയത്. അഭിഭാഷകനായ അരുണ്‍ ഭദോരിയയാണ് കമലിനു വേണ്ടി കോടതിയെ സമീപിച്ചത്. ജനുവരിയില്‍ അയച്ച വക്കീല്‍ നോട്ടിസിന് രാഹുല്‍ പ്രതികരിച്ചിട്ടില്ലെന്ന് ഹരജിക്കാരന് പരാതിയില്‍ ഉന്നയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടതാണ് രണ്ട് വകുപ്പുകളും. രണ്ടുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. കേസ് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കുമെന്നാണ് വിവരം. മോദി വിമര്‍ശനത്തിലുള്ള മാനനഷ്ടക്കേസില്‍ മാര്‍ച്ച് 23നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. രണ്ടു വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ആര്.എസ്.എസ്സിനു പങ്കുണ്ടെന്ന രാഹുലിന്റെ വിമര്‍ശനത്തിനെതിരെ മഹാരാഷ്ട്രയിലെ താനെയിലും മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014ല്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. Summary: A criminal defamation complaint has been filed against Rahul Gandhi at Haridwar court in Uttarakhand for his remark describing RSS as ’21st century Kauravas’

