ജാതി സെൻസസ്; പ്രതിപക്ഷത്തിന്റെ കൈയിൽനിന്ന് ബിജെപി കൈവശപ്പെടുത്തിയ രാഷ്ട്രീയായുധം

ന്യൂഡൽഹി: ജാതിരാഷ്ട്രീയസങ്കീർണതകൾ നിറഞ്ഞ ബിഹാറിന്റെ തട്ടകം പൊള്ളിക്കുമെന്നും പ്രയോഗിക്കാനിരിക്കുന്ന തന്ത്രങ്ങൾ മുന മടങ്ങി ആവനാഴിയിലേക്ക് മടങ്ങിയേക്കുമെന്നും തിരിച്ചറിഞ്ഞ് പ്രതിപക്ഷത്തിന്റെ കൈയിൽനിന്ന് ബിജെപി കൈവശപ്പെടുത്തിയ രാഷ്ട്രീയായുധമാണ് ജാതി സെൻസസ്.
നിതീഷ് കുമാർ നയിച്ച മഹാസഖ്യം സർക്കാർ 2022 ൽ ബിഹാറിൽ ജാതി സർവേ നടത്തിയപ്പോഴുണ്ടായ പൊള്ളലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യസഖ്യം ജാതി സെൻസസ് വിഷയമുയർത്തിയപ്പോൾ പ്രതിരോധത്തിൽ വീണതുമാണ് ഈ അപ്രതീക്ഷിത ആയുധപ്രയോഗത്തിനു പിന്നിൽ. ഈവർഷം ഒടുവിൽ ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാതി കണക്കെടുപ്പ് വീണ്ടും പരീക്ഷണപ്പലകയാകുമെന്ന് തിരിച്ചറിഞ്ഞ്, പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങിയുള്ള ചടുലനീക്കം. എന്നാൽ, ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഈ മലക്കംമറിച്ചിൽ പ്രതിപക്ഷ പാർട്ടികൾക്ക് പോരാട്ടവിജയമായി.
2022 ൽ ബിഹാറിൽ ജെഡിയു, ആർജെഡി, കോൺഗ്രസ് പാർട്ടികൾ നയിച്ച മഹാസഖ്യം സർക്കാർ ജാതി സർവേ നടത്തിയപ്പോൾ തുറന്ന സാമൂഹികരാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് ജാതി സെൻസസ് മുദ്രാവാക്യം ഉയർന്നത്. രാജ്യവ്യാപകമായി ജാതിസെൻസസ് നടത്തണമെന്ന ആവശ്യം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും ചർച്ചയാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇന്ത്യസഖ്യത്തിന്റെ പ്രചാരണ വിഷയങ്ങളിൽ പ്രധാനം ജാതി സെൻസസായിരുന്നു. ബിഹാറിന് പുറമെ, പ്രതിപക്ഷം ഭരിക്കുന്ന കർണാടകത്തിലും തെലങ്കാനയിലും ജാതിസർവേ നടത്തി. ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതും ജാതി സെൻസസാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ വാദങ്ങളെ, പാവപ്പെട്ടവരും സ്ത്രീകളും യുവാക്കളും കർഷകരുമാണ് രാജ്യത്തെ ഏറ്റവും വലിയ ജാതികളെന്ന് വാദിച്ച് പ്രധാനമന്ത്രി മോദി പ്രതിരോധിച്ചു. എന്നാൽ, കഴിഞ്ഞദിവസം ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മോദിയുെട പ്രഖ്യാപനമെന്നതും ശ്രദ്ധേയം.
ജാതിസർവേയെ ജാതിസെൻസസ് കൊണ്ട് നേരിടാനുള്ള തന്ത്രപരമായ നീക്കത്തിനുപിന്നിൽ ബിഹാറിന്റെ ജാതിരാഷ്ട്രീയം മാത്രമല്ല, എൻഡിഎയുടെ ഘടകക്ഷികളായ ജെഡിയു, എൽജെപി എന്നിവയുടെ നിലനിൽപ്പും ഘടകങ്ങളാണ്. ജാതി സമവാക്യം മുൻനിർത്തി ബിജെപിക്ക് കളംപിടിക്കാൻ ബിഹാറിൽ ഈ സഖ്യകക്ഷികൾ അനിവാര്യം. വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലി ജെഡിയുവിനകത്ത് ഉടലെടുത്ത പടലപ്പിണക്കം ന്യൂനപക്ഷവോട്ടുകളെ പിളർത്തുമോയെന്ന ആശങ്കയും ചെറുതല്ല. ഇതിനുപുറമെ, നിതീഷ് കുമാറിന്റെ ആരോഗ്യപ്രശ്നങ്ങൾ, പ്രശാന്ത് കിഷോറിന്റെ പുതിയ പാർട്ടിയുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ വോട്ടുചോർച്ചയ്ക്കിടയാക്കുമെന്ന ഭയവുമുണ്ട്. ഇവയൊക്കെ മുന്നിൽക്കണ്ടാണ് അടിക്കാനോങ്ങിയ വടിയെടുത്ത് തിരിച്ചടിക്കാനുള്ള തീരുമാനം.
പോരാടിയവരുടെ വിജയം -രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജാതിസെൻസസിനെ സ്വാഗതംചെയ്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ ആവശ്യത്തെ എതിർത്തിരുന്ന ബിജെപി സർക്കാർ ആശയം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ രാഹുൽ സെൻസസ് നീട്ടിക്കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു. സെൻസസിനായി ബജറ്റുവിഹിതം അനുവദിച്ച് തീയതി പ്രഖ്യാപിക്കണം.
സെൻസസിൽ എന്തുചോദിക്കും എന്നത് പ്രധാനമാണ്. ജനങ്ങൾക്കാവശ്യമായ ചോദ്യങ്ങളാണ് വേണ്ടത്, ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളല്ല -രാഹുൽ പറഞ്ഞു.

