KSDLIVENEWS

Real news for everyone

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

SHARE THIS ON

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെയാണെന്ന് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇക്കാര്യത്തില്‍ പോലീസോ റെയില്‍വേ അധികൃതരോ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല. സുരക്ഷാജീവനക്കാരനും ബംഗാള്‍ സ്വദേശിയും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായെന്നാണ് വിവരം. ഇതിന്റെ പകയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ സുരക്ഷാജീവനക്കാരന്‍ തിരിച്ചറിഞ്ഞതായും വിവരങ്ങളുണ്ട്. അതേസമയം, തര്‍ക്കത്തിന് കാരണമെന്താണെന്നും എങ്ങനെയാണ് തീയിട്ടതെന്നുമുള്ള കാര്യങ്ങളില്‍ ഇതുവരെ വ്യക്തതയില്ല. കത്തിനശിച്ച കോച്ചില്‍ നടത്തിയ പരിശോധനയില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചല്ല തീയിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം ഇതിന് തീയിട്ടതാണെന്നും തുടര്‍ന്ന് തീ ആളിപ്പടര്‍ന്നെന്നുമാണ് നിഗമനം. പക്ഷേ, ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണമോ പ്രതികരണമോ വന്നിട്ടില്ല. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി മാനസികപ്രശ്‌നമുള്ള ആളാണെന്നാണ് സൂചന. രണ്ടുമാസം മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രാക്കിനരികില്‍ തീയിട്ടതും ഇയാളാണെന്നും പറയുന്നുണ്ട്. അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസികപ്രശ്‌നമുള്ളതിനാല്‍ വിട്ടയച്ചെന്നും പറയപ്പെടുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തീപ്പിടിത്തമുണ്ടായ കോച്ചില്‍ വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോച്ചില്‍നിന്ന് മണംപിടിച്ച പോലീസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് ഓടിപ്പോയത്. എലത്തൂരിലെ ട്രെയിന്‍ തീവെപ്പിന് രണ്ടുമാസം തികയുന്ന വേളയില്‍ അതേ ട്രെയിനില്‍ തന്നെ വീണ്ടും തീപ്പിടിത്തമുണ്ടായത് അടിമുടി ദുരൂഹതയ്ക്ക് കാരണമായിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ എന്‍.ഐ.ഐ. അന്വേഷണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ തീപ്പിടിത്തവും സംശയത്തിനിടയാക്കിയത്. സംഭവത്തില്‍ എന്‍.ഐ.എ.യും പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!