KSDLIVENEWS

Real news for everyone

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം; ആർ.എസ്.എസ്. വിമുഖതയിൽ അതൃപ്തി

SHARE THIS ON

കൊച്ചി:നേതൃമാറ്റം സംബന്ധിച്ച ആവശ്യങ്ങളിൽ ആർ.എസ്.എസ്. മുഖംതിരിക്കുന്നതിൽ ബി.ജെ.പി.യിൽ അസ്വസ്ഥത. തിരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ നേതൃമാറ്റ ആവശ്യം ശക്തമാണ്. എന്നാൽ, ഇടപെടാൻ‍ ആർ.എസ്.എസ്. തയ്യാറായിട്ടില്ല. അഭിപ്രായം പറഞ്ഞാൽ ബി.ജെ.പി. ദേശീയനേതൃത്വം എങ്ങനെ സ്വീകരിക്കുമെന്നതാണ് ആർ.എസ്.എസ്. സംസ്ഥാന നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതേസമയം, ബി.ജെ.പി.യിലെ ആർ.എസ്.എസ്. നോമിനിയായ സംഘടനാ സെക്രട്ടറിയെ വൈകാതെ മാറ്റുമെന്ന അഭ്യൂഹം ശക്തമാണ്. മുതിർന്ന ബി.ജെ.പി. നേതാവും കോർ കമ്മിറ്റി അംഗവുമായ സി.കെ. പത്മനാഭൻ ആർ.എസ്.എസിന്റെ മൗനത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സംഘനേതൃത്വം ശക്തമായി വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം മറ്റു മുതിർന്ന നേതാക്കൾക്കുമുണ്ട്. കൂടുതൽ പരാതികൾ എത്തിച്ച് ദേശീയ നേതൃത്വത്തെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ് ഗ്രൂപ്പുകൾ നടത്തുന്നത്. ഇതിനായി പാർട്ടിയുടെ വിവിധ കമ്മിറ്റികളും വ്യക്തികളുമെല്ലാം ദേശീയ നേതൃത്വത്തിന് പരാതികൾ അയക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടും കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ടും പാർട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാതികളാണ് പ്രധാനമായുമുള്ളത്. മുരളീധരവിഭാഗം ആത്മവിശ്വാസത്തിലാണ്. ദേശീയ നേതൃത്വത്തിൽ കൃഷ്ണദാസ് പക്ഷത്തിനു പിടിയില്ലെന്ന വിശ്വാസമാണ് അവരുടെ ധൈര്യം. ദേശീയനേതൃത്വത്തെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞതിനാൽ പെട്ടെന്നൊരു മാറ്റം ഉണ്ടാവില്ലെന്ന് അവർ കരുതുന്നു. കെ. സുരേന്ദ്രനെതിരേ പാർട്ടിക്കു പുറത്തു നടക്കുന്ന നീക്കങ്ങളെ ചെറുക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ കൃഷ്ണദാസ് പക്ഷത്തെ രംഗത്തിറക്കാനായതും സർവസമ്മതനായ കുമ്മനം രാജശേഖരനെത്തന്നെ കവചമായി നിർത്താൻ കഴിഞ്ഞതുമെല്ലാം വലിയ നേട്ടമായാണ് മുരളീധരവിഭാഗം കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!