KSDLIVENEWS

Real news for everyone

‘ഏക സിവില്‍കോഡ് സാമൂഹിക ദുരന്തമായി മാറും; ഭയക്കുന്നത് ഇസ്ലാംമത വിശ്വാസികള്‍ മാത്രമല്ല’

SHARE THIS ON

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് സൂചനകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിന് പിന്നാലെ അടിയന്തര നടപടികളിലേക്ക് കടന്നിരിക്കുകയാണ് മുസ്ലിംലീഗ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ സമാന മനസ്‌കരായ പാര്‍ട്ടികളേയും സംഘടനകളേയും യോജിപ്പിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന ലീഗ് യോഗങ്ങളിലെ തീരുമാനം. വ്യത്യസ്ത മത-ജാതി വിഭാഗങ്ങളുള്ള ഇന്ത്യയില്‍ ഏക സിവില്‍ കോഡ് എന്നത് ഒരിക്കലും പ്രായോഗികമല്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന സമൂഹത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം പറയുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ ഏത് രീതിയില്‍ മറികടക്കുമെന്ന് കേരളത്തിലെ മുഖ്യധാര മാധ്യമമായ മാതൃഭൂമി ന്യൂസിനോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ അഭിമുഖം.

ഒരു രാജ്യം ഒരു നീതി എന്ന് പറഞ്ഞാണ് ബിജെപി ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങുന്നത്, ലീഗ് അതിനോട് എങ്ങനെ വിയോജിക്കുന്നു?

ഒരു രാജ്യം ഒരു നീതി എന്ന് പറയുന്നത് കേള്‍ക്കാന്‍ സുഖമുള്ള ഒരു പ്രയോഗമാണ്. പക്ഷെ ഇന്ത്യ എന്ന് പറയുന്നത് ഒരു ബഹുസ്വര സമൂഹമാണ്. ഇന്ത്യന്‍ ഭരണഘടന എന്നത് ലോകത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ഭരണഘടനയാണ്. സിവില്‍ നിയമത്തില്‍ ഒരു ഏക സിവില്‍ കോഡ് ഭരണഘടന മുന്നോട്ട് വെക്കുന്നില്ല, ഇന്ത്യന്‍ ജിവിത സാഹചര്യത്തില്‍ അത് അനുഗുണം അല്ല എന്നതാണ് അതിന് കാരണം, ദളിത് പീഡനങ്ങളും അയിത്തവും എല്ലാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതൊന്നും നിയമം മൂലം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ഇതൊക്കെ നിയമം കൊണ്ട് തടുക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാമായിരുന്നു പക്ഷെ അതൊന്നും ഇവിടെ നടക്കുന്നില്ല, അപ്പോള്‍ ഒരൊറ്റ നിയമം എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒന്നിനുമുള്ള പരിഹാരമല്ല. അതുകൊണ്ട് തന്നെ ബിജെപി ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത് കേവലം ഒരു പൊളിറ്റിക്കല്‍ സ്റ്റണ്ട് മാത്രമാണ്, കാരണം ബിജെപിക്കറിയാം തങ്ങള്‍ തെന്നിന്ത്യയില്‍ മെല്ലെ മെല്ലെ ഇല്ലാതാവുകയാണ് കര്‍ണാടകയില്‍ വലിയ തിരിച്ചടി ഉണ്ടായി. മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ ഒരു മാറ്റം വരുമെന്ന് അവര്‍ക്കറിയാം. അതുപോലെ പ്രതിപക്ഷത്ത് കൂടുതല്‍ ഐക്യം ഉണ്ടാവുന്നു, അങ്ങനെ ഒരു സാഹചര്യത്തില്‍ രാഷ്ട്രീയമായിട്ട് ബിജെപിക്ക് പ്രയോജനപ്പെടുത്താന്‍ പറ്റുക ഇങ്ങനെയുള്ള ചില വൈകാരികമായിട്ടുള്ള നീക്കങ്ങളാണ്. ബാബറി മസ്ജിദ്, പൗരത്വം നിയമം അങ്ങനെ പലതും പറഞ്ഞ് ബിജെപി രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു വൈകാരിക വിഷയം ജനങ്ങള്‍ക്ക് ഇട്ട് കൊടുക്കണം എന്നിട്ട് അതില്‍ നിന്ന് കിട്ടാവുന്ന വോട്ടുകളൊക്കെ ശേഖരിക്കണം എന്നുള്ള ഒരു പൊളിറ്റിക്കല്‍ സ്റ്റണ്ട് മാത്രമാണ് ഇതില്‍ ഉളളത്. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിര്‍ദേശം.

ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ഒരു അസ്ഥിരത അനുഭവപ്പെടുന്നുവെന്ന ആരോപണം നിലവിലുണ്ട്. ഏക സിവില്‍കോഡ് കൂടി വരുന്നതോടെ കൂടുതല്‍ അസ്ഥിരമാകുമെന്നാണോ പറയുന്നത്..

ഭയപ്പെടുത്തി തനിക്കാക്കുക എന്നത് ഒരിക്കലും ഒരു ഭരണകൂടം സ്വീകരിക്കേണ്ട നിലപാടല്ല. അത് പ്രാകൃതമായ ഒരു രീതിയാണ്, ഇവിടെ ബിജെപി അതാണോ ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല, ഞങ്ങള്‍ എന്തായാലും ഭയപ്പെട്ട് കൊണ്ടല്ല ഇതിനെതിരെ നില്‍ക്കുന്നത്. സാമൂഹ്യ ജീവിതത്തില്‍ ഒരു സുരക്ഷിതത്വം വേണം, വിശ്വാസപരമായ സംരക്ഷണം വേണം, ഭരണ ഘടന തന്നെ മതവിശ്വാസത്തിന് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. ആ ഭരണഘടന വിശ്വാസിക്ക് അവന്റെ ആചാരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും നല്‍കണം. അത് നിലവിലെ ഭരണ വ്യവസ്ഥ അനുസരിച്ച് ഇവിടെ ഉണ്ട്. നേരെ മറിച്ച് ഏക സിവില്‍ കോഡില്‍ ഏക നിയമം എന്ന് പറയുമ്പോള്‍ ഒരു മതത്തിന് മാത്രം ആനുകൂല്യം കൊടുക്കാന്‍ പറ്റി എന്ന് വരില്ല, ഒരു മതത്തിന്റെ മാത്രം കാര്യങ്ങളെ അനുവദിച്ച് കൊടുക്കാന്‍ പറ്റി എന്ന് വരില്ല. അപ്പോള്‍ ഒരു മുസ്ലീമിന്റെ പല അനുഷ്ഠാനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവും, അങ്ങനെ വരുന്നത് ശരിയല്ലല്ലോ. ഭരണഘടന മതത്തില്‍ വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെങ്കില്‍ മത അനുഷ്ഠാനങ്ങളും ആചാരങ്ങളും നിര്‍ഭയം പാലിക്കാനുള്ള സ്വാതന്ത്ര്യം ഭരണകൂടം കൊടുക്കേണ്ടതുണ്ട്. ആ സ്വാതന്ത്ര്യം ഇല്ലാതാവുമോ എന്ന് മുസ്ലീങ്ങള്‍ മാത്രമല്ല ഭയക്കുന്നത്, ഏക സിവില്‍ കോഡ് വരുമ്പോള്‍ എല്ലാ മതവിശ്വാസികളും അതില്‍ പെടും, ദളിത് വിഭാഗങ്ങള്‍ പിന്നോക്കം നില്‍ക്കുന്ന മറ്റ് വിഭാഗങ്ങള്‍ ഇവര്‍ക്കൊക്കെ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു സാമൂഹിക ദുരന്തം ആണ് ഏക സിവില്‍ കോഡ് വന്നാല്‍ ഉണ്ടാവാന്‍ പോകുന്നത് എന്നുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്.

എതിര്‍പ്പുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനാണെന്നാണ് ബിജെപിയുടെ മറുവാദം..

ഏക സിവില്‍ കോഡ് വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി, അത് ആര്‍എസ്എസിന്റെ നേരത്തെ തന്നെയുള്ള അജണ്ടയാണ്. അത് കൊണ്ട് തന്നെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്‍മാരാണ്. പക്ഷെ ഇത് ഒരു നിയമം ആവാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ അതിന്റെ വെല്ലുവിളിയും ബുദ്ധിമുട്ടും സ്വാഭാവികമായി എല്ലാവര്‍ക്കും ഉണ്ട്. ഇസ്ലാം എന്ന് പറയുമ്പോള്‍ അതില്‍ വിശ്വസവും കര്‍മവും പ്രാധാനം ആണ്. വിശ്വാസി ആയിരിക്കുമ്പോള്‍ നിരവധി കര്‍മങ്ങള്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാണ് ആ കര്‍മങ്ങള്‍ നിര്‍ഭയം ചെയ്യാന്‍ അവര്‍ക്ക് സാധിക്കണം. ഏക സിവില്‍ കോഡ് പോലുള്ള ചില നിയമങ്ങള്‍ വരുമ്പോള്‍ അതില്‍ അവര്‍ക്ക് പ്രയാസം ഉണ്ടാവും,. കാരണം ഒരു മതത്തിന് മാത്രം ഒന്നും അനുവദിച്ച് കൊടുക്കാന്‍ പറ്റി എന്ന് വരില്ല. ജനങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ട് സമൂഹത്തിന് അതില്‍ ആശങ്കയുണ്ട്. മറ്റ് പല ന്യൂനപക്ഷ സമുദായങ്ങള്‍ക്കും അതില്‍ ആശങ്കയുണ്ട്. അവരുടെ ആശങ്ക പുറത്ത് വരണം അനീതി വരുമ്പോള്‍ അതിന് എതിരെ ശബ്ദിക്കുക എന്ന് പറയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തം ആണ് മുസ്ലീം ലീഗ് ഇത് കൊണ്ട് വോട്ട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല ഞങ്ങള്‍ പ്രതികരിക്കുന്നത്. ബിജെപിക്ക് ഒരു പക്ഷെ വോട്ടുണ്ടാക്കാന്‍ വേണ്ടി ആയിരിക്കും ഇത് ചെയ്യുന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തേയും കര്‍മങ്ങളെയും സംരക്ഷിക്കാനാണ് ഇതിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത്.

സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഏക സിവില്‍ കോഡ് അനുകൂലമല്ലേ…?

വിദ്യാഭ്യാസം കിട്ടിയാലോ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായാലോ സാമുഹ്യമായ ഉയര്‍ച്ച ഉണ്ടായാലോ ഇസ്ലാം മത വിശ്വാസികള്‍ മതപരമായ കാര്യങ്ങളെ നിസ്സാരമായി കാണില്ല, ഉയര്‍ച്ച താഴ്ചകള്‍ ഒന്നും വിശ്വാസത്തെ ബാധിക്കുന്നതല്ല. വിശ്വാസം മുറുകെ പിടിച്ച് തന്നെ ജീവിക്കുന്ന സമൂഹമാണ് ഇസ്ലാമിന്റേത്. യഥാര്‍ത്ഥ മുസ്ലീമിനെ സംബന്ധിച്ച് അവന്റെ വിശ്വാസങ്ങളോ കര്‍മങ്ങളോ അങ്ങനെ ഒഴിവാക്കാന്‍ പറ്റില്ല. സ്വത്തവകാശത്തില്‍ ആണെങ്കില്‍ ഇസ്ലാം വളരെ സുതാര്യമായ കാര്യങ്ങളാണ് വെച്ചിട്ടുള്ളത്. കടും പിടുത്തമോ അടിച്ചമര്‍ത്തലോ ഒന്നും ഇസ്ലാമിക നിയമങ്ങളില്‍ ഇല്ല. തുല്യ അവകാശം വേണമെന്ന് ഉള്ളവര്‍ക്ക് അത് ചെയ്യാം, അതേ സമയം ശരീഅത്തില്‍ ആണിന് ഇത്ര ഓഹരി പെണ്ണിന് ഇത്ര ഓഹരി എന്ന് പറയുന്നുണ്ട് അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതും ചെയ്യാം, ഒരു കടുംപിടുത്തവും ഇസ്ലാമിക നിയമങ്ങളെ സംബന്ധിച്ചിടത്തോളം ഇല്ല. മുത്തലാഖ് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി ഇടയ്ക്കിടെ പറയുന്നുണ്ട്. അതൊരു വലിയ കാര്യമായിട്ടാണ് അദ്ദേഹം പറയുന്നത്. അതൊക്കെ ഇസ്ലാമിന്റെ നിയമം അനുസരിച്ച് തന്നെയാണ് പോകുന്നത്. അതല്ലാതെ ഓരോ സംഭവം പുതിയതാണ് എന്ന് വരുത്തി തീര്‍ത്ത് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം ആണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത്.

എതിര്‍പ്പ് ഇസ്ലാംമത വിശ്വാസികള്‍ക്ക് മാത്രമാണെന്ന് പറയുന്നത് ശരിയോ.? ഇസ്ലാംമത വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായി മുസ്ലീം ലീഗ് ഇതിനെ കാണുന്നില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും പൊതുവായി ബാധിക്കുന്ന പ്രശ്‌നമാണ് ഇത്. പല ആചാരങ്ങളും ഒരു വിഭാഗത്തിന് പറ്റുന്നത് മറ്റൊരു വിഭാഗത്തിന് പറ്റിക്കൊള്ളണം എന്നില്ല. പലര്‍ക്കും എല്ലാ ക്ഷേത്രത്തിലും പോകാന്‍ പറ്റുന്ന സാഹചര്യം പലയിടത്തും ഇല്ല. ഇങ്ങനെയുള്ള ഉച്ഛനീചത്വങ്ങള്‍ ഈ സമൂഹത്തില്‍ ഉണ്ട്. ഇതിനെയൊക്കെ ഒറ്റ നിയമം കൊണ്ടുവന്ന് പാടെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് പാടെ എല്ലാവരേയും ബുദ്ധിമുട്ടിലാക്കും. അതിനെ പരിഹരിക്കാന്‍ ശ്രമിക്കേണ്ടത് ഈ രീതിയില്‍ അല്ല. ഞങ്ങള്‍ മുസ്ലീംങ്ങള്‍ ഇതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട് , സമാന ചിന്താഗതിക്കാരായ ഒരുപാട് വിഭാഗങ്ങള്‍ ഇവിട ഉണ്ട് അവരുടെയെല്ലാം പ്രതികരണങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവും എന്ന് തന്നെയാണ് കരുതുന്നത്.

സമുദായത്തിനകത്ത് ഇത് സംബന്ധിച്ച് ഐക്യമുണ്ടാക്കിയോ..

ഇസ്ലാമിക ശരീഅത്തിന്റെ കാര്യത്തില്‍ ലീഗിനും സമസ്തയ്ക്കും എന്നല്ല എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ നിലപാട് ആണ് ഉള്ളത്.

ആം ആദ്മി പാര്‍ട്ടിയടക്കം ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഏക സിവില്‍കോഡിനെ പിന്തുണക്കുന്നത് എങ്ങനിനെ കാണുന്നു..?

ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും ഇത് അവരുടെ രാഷ്ട്രീയമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ അഭിപ്രായം പറയുന്നത്, അതേ സമയം ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലാരും ഏകീകൃത സിവില്‍ കോഡിനെ നിര്‍ബാധം പിന്തുണക്കുന്ന രീതിയിലുള്ള അഭിപ്രായം പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് അപ്പുറത്ത് ഇന്ത്യയുടെ പൊതുമനസ്സിനെ അവരെല്ലാം ഉള്‍ക്കൊള്ളുന്നു എന്നതാണ് അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇന്ത്യ അതിന്റെ പാരമ്പര്യത്തിലൂടെ തന്നെ മുന്നോട്ട് പോവണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനോടൊപ്പം തന്നെയാണ് മുസ്ലീം ലീഗും. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് അപകടം സംഭവിച്ച് കൂടാ ആരെല്ലാം ആണോ അതിനെ പിന്തുണക്കുന്നത് അവരോടൊപ്പം മുസ്ലീം ലീഗ് ഉണ്ട്, അവരോടൊപ്പം ലീഗ് ശബ്ദം ഉയര്‍ത്തും. ഇതിന്റെ കരട് വന്നാല്‍ മാത്രമേ ഇതിലേക്ക് എത്രത്തോളം ആഴത്തില്‍ ബിജെപി പോകുന്നു എന്ന് മനസ്സിലാക്കാന്‍ പറ്റൂ. കരട് വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും

ഏക സിവില്‍ കോഡിന് ബദല്‍ നിര്‍ദേശമുണ്ടോ..?

ഇസ്ലാമിക നിയമങ്ങള്‍ക്ക് അതിന്റേതായ സാഹചര്യങ്ങള്‍ ഉണ്ട്. കാലങ്ങളായി പിന്തുടരുന്ന ഒന്നിലും മാറ്റത്തിന്റെ ആവശ്യം ഇല്ല, നിയമപരമായി സര്‍ക്കാരിന് ഇടപെടേണ്ട ഒരു മൂല്യച്യുതി ഇസ്ലാമിക നിയമങ്ങളില്‍ ഇല്ല. ഇസ്ലാമിക നിയമങ്ങള്‍ ദൈവത്തിന്റെ നിയമങ്ങളാണ്, അത് ആ രീതിയില്‍ മുന്നോട്ട് പോണം, അതില്‍ മാറ്റങ്ങളോ തിരുത്തലുകളോ വരുത്താന്‍ ആര്‍ക്കും അവകാശം ഇല്ല.

ലീഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ അറിയിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ലീഗ് നിലപാട് കാന്തപുരത്തെ നേരിട്ടറിയിച്ചോ…?

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ അങ്ങനെ ഒരു പ്രസ്ഥാവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമാണ് കാരണം. വ്യത്യസ്തമായ ഒരുപാട് ഭീഷണികള്‍ പലകോണില്‍ നിന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്നുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കുക എന്നത് തന്നെയാണ് സമൂഹത്തോടും സമുദായത്തോടും നമുക്ക് പുലര്‍ത്താന്‍ പറ്റുന്ന ഏറ്റവും വലിയ നീതി. ആ നിലക്ക് കാര്യങ്ങള്‍ കണ്ടുകൊണ്ടാണ് ഉസ്താദിന്റെ പ്രസ്താവന, അതില്‍ വലിയ സന്തോഷം ഉണ്ട്. അത് കാലത്തിന്റെ അനിവാര്യതയാണ്. ഇക്കാര്യത്തില്‍ ഒദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പലപ്പോഴും ഇത്തരം അഭിപ്രായങ്ങള്‍ അവരൊക്കെ പലവേദിയില്‍ വെച്ചും പറഞ്ഞിട്ടുണ്ട്. സമുദായത്തിലെ ഐക്യത്തിനും സമുദായങ്ങള്‍ക്കിടയിലെ ഐക്യത്തിനും വേണ്ടിയാണ് മുസ്ലീം ലീഗ് നിലകൊള്ളുന്നത്. മുസ്ലീംങ്ങളെ മാത്രമല്ല മറ്റ് സമുദായത്തില്‍ ഉള്ളവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്ലാറ്റ് ഫോമാണ് ലീഗ്. അത് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ജനാധിപത്യത്തിന് ഒരു വാളായി ഏക സിവില്‍ കോഡ് തൂങ്ങി നില്‍ക്കുന്ന കാലത്ത് ഇനിയും അനൈക്യത്തോടെ അകല്‍ച്ചയോടെ നിന്നിട്ട് കാര്യമില്ല, യോജിക്കാവുന്ന മേഖലയിലെല്ലാം യോജിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോകും

സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ.?

ലീഗും സമസ്തയും അടിസ്ഥാനപരമായി യാതൊരു പ്രശ്‌നവും ഇല്ല. പാലും വെള്ളവും പോലെയാണ് ലീഗും സമസ്തയും രണ്ടും മാറ്റി നിര്‍ത്താന്‍ പറ്റില്ല. ഒരു സമൂഹം ആവുമ്പോള്‍ അവിടേയും ഇവിടേയും ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും. അത് സ്വാഭാവികമാണ് അത് ചര്‍ച്ചയിലൂടെ ഉടന്‍ പരിഹരിച്ച് മുന്നോട്ട് പോവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!