ഡോക്ടര്‍മാരുടെ ദിനത്തിലും അതിക്രമം; വനിതാ ഡോക്ടറെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് മര്‍ദനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രയില്‍ ഡോക്ടര്‍മാരെ മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ റോബിന് റോഷന്, ജോസ്നീല്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആക്രമിച്ചത്. ചികിത്സയിലുള്ള രോഗിയെ കാണാനായിരുന്നു റോബിനും ജോസ്നീലും ആശുപത്രിയില്‍ എത്തിയത്. വനിതാ ഡോക്ടറെ ശല്യംചെയ്തത് ചോദ്യം ചെയ്ത ഹൗസ് സര്ജന് ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. കഫ്റ്റീരിയയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡോക്ടര്‍മാരുടെ അടുത്തത്തെത്തിയ പ്രതികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് ഡോ. ഹരീഷിനെ അടിച്ചുതാഴെയിട്ടു ചവിട്ടുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളില്‍ തന്നെ ഇരുവരേയും പിടികൂടാന്‍ പോലീസിനായി. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. പോലീസിന്റെ 24 മണിക്കൂര്‍ എയ്ഡ് പോസ്റ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടറെ മര്‍ദിച്ചശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാബിര്‍ ഷാ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

