ഷാഹിനയെ ഒപ്പംചേര്‍ത്തത് കച്ചവടം മെച്ചപ്പെടുത്താന്‍; വീട്ടില്‍നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന് പറഞ്ഞ്

പന്തളം: എം.ഡി.എം.എ.യുമായി പന്തളത്ത് പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെയും പന്തളം സി.ഐ. എസ്.ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും. പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ രാഹുലാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാളുടെപേരില്‍, മയക്കുമരുന്ന് കടത്തിയതിന് കേസ് നിലവിലുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശനിയാഴ്ചയാണ്, എം.ഡി.എം.എ. ലഹരിമരുന്നുമായി യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന്, വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന 155.9 ഗ്രാം ലഹരിമരുന്നാണ് പിടിച്ചത്. ഇതില്‍ 151.500 ഗ്രാം ഹോട്ടല്‍ മുറിയില്‍നിന്നും 4.400 ഗ്രാം ഒന്നാംപ്രതി രാഹുലിന്റെ പക്കല്‍നിന്നും കണ്ടെടുക്കുകയായിരുന്നു. 25,000 രൂപയും പിടിച്ചെടുത്തു.

