പുരസ്കാരങ്ങളെല്ലാം തട്ടുപൊളിപ്പൻ സിനിമകൾക്ക്, ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദം -അടൂർ

കോഴിക്കോട്: ദേശീയചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമായെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം പുരസ്കാരസമർപ്പണച്ചടങ്ങും ‘ചെലവൂർ വേണു: ജീവിതം, കാലം’ എന്ന ഡോക്യുമെന്ററി പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘എന്താണ് പുരസ്കാരനിർണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകൾ കണ്ട് പുരസ്കാരം നിശ്ചയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകൾ അവരുടെ പട്ടികയിൽ വരുന്നതേയില്ല. തട്ടുപൊളിപ്പൻസിനിമകൾക്കാണ് പുരസ്കാരങ്ങൾ. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാനെന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണ്’’ -അടൂർ പറഞ്ഞു.
സംവിധായകരായ മനോജ് കാന (കെഞ്ചിര), ഡോൺ പാലത്തറ (1956 മധ്യതിരുവിതാംകൂർ), ഷെറി ഗോവിന്ദൻ, ടി. ദീപേഷ് (അവനോവിലോന), ഫിപ്രെസ്കിയുടെ സമഗ്രസംഭാവനയ്ക്കുള്ള സത്യജിത് റേ പുരസ്കാരം നേടിയ ചലച്ചിത്രനിരൂപകൻ ഐ. ഷണ്മുഖദാസ്, ചലച്ചിത്രനിരൂപണത്തിനുള്ള സംസ്ഥാനസർക്കാർ അവാർഡ് നേടിയ കെ.സി. ജിതിൻ, ഡോക്യുമെന്ററി സംവിധായകൻ ജയൻ മങ്ങാട് എന്നിവർക്ക് അടൂർ പുരസ്കാരം നൽകി.

