സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം; മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിന് താത്ക്കാലിക ആശ്വാസം. മുട്ടിൽ മരംമുറിക്കേസിൽ സി.ബി.ഐ. അന്വേഷണമില്ല. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണം മതിയെന്ന ഉത്തരവാണ് കോടതിയിൽനിന്ന് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തൃശ്ശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജിയിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.
മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിന് താത്കാലിക ആശ്വാസമാണ് കോടതിയിൽനിന്ന് ലഭിച്ചിരിക്കുന്നത്. പക്ഷെ കേസിലെ നിലവിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനും വംനംവകുപ്പിന്റെ അന്വേഷണത്തിനും ഹൈക്കോടതി ചില മാർഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
എല്ലാ വശങ്ങളിൽനിന്നുമുള്ള കൃത്യമായ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന മുഴുവൻ ആക്ഷേപങ്ങളും പരിഗണിച്ചു കൊണ്ട് വളരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഈ കേസിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും പൊതുജനങ്ങൾക്ക് മതിയായ കാര്യകാരണ സഹിതം വേറൊരു അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ എല്ലാവിധ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സി.ബി.ഐ. അന്വേഷണം തത്ക്കാലത്തേക്ക് ഇല്ലെന്ന് മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. പക്ഷെ മരംമുറിക്കേസിലെ നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതിക്ക് പൂർണതൃപ്തിയില്ല. പരാതികൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന നിർദേശം കോടതി മുന്നോട്ടുവെച്ചിരിക്കുന്നത് അതുകൊണ്ടുതന്നെയാണ്. എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ട് ആഴത്തിൽ തന്നെയുള്ള അന്വേഷണം വേണം. പക്ഷെ ഈ കേസ് സി.ബി.ഐയ്ക്ക് കൈമാറേണ്ട വിധത്തിലുള്ള പാളിച്ചകളൊന്നും തന്നെ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല. നിലവിലെ അന്വേഷണത്തിൽ കുറച്ചുകാര്യങ്ങൾ കൂടി പുറത്തുവരേണ്ടതുണ്ട്. ആ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരമാണ് കോടതി പ്രത്യേക അന്വേഷണസഘത്തിനും വനംവകുപ്പിനും അനുവദിച്ചു നൽകിയിരിക്കുന്നത്.

