കനത്തമഴ: ഉൾവനത്തിൽ ഉരുൾപൊട്ടൽ, മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു

സീതത്തോട് (പത്തനംതിട്ട)∙ കക്കാട് ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ മൂഴിയാർ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ അതിശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ ഉയർത്തി. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവിൽ രണ്ടാം നമ്പർ ഷട്ടർ മാത്രം 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. മണിയാർ ഡാമും തുറന്നു. രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്.
മൂഴിയാർ സായിപ്പിൻകുഴി ഉൾവനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നതെന്നാണ് സംശയം. സായിപ്പിൻകുഴി തോട്ടിൽ നിന്നുള്ള നീരൊഴുക്ക് അതിശക്തമായി തുടരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാർ മേഖലയിൽ മഴ ആരംഭിക്കുന്നത്. ആറു മണിയോടെ സായിപ്പിൻകുഴി തോട്ടിൽ അതിശക്തമായ നീരൊഴുക്കായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുകയായിരുന്നു.
ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ഗവിയിലേയ്ക്കു പോകുന്ന വഴിയിൽ കക്കിത്തും ആനത്തോടിനും സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിയതായി ഗൂഡ്രിക്കൽ റേഞ്ച് ഓഫിസ് അധികൃതർ അറിയിച്ചു.

