KSDLIVENEWS

Real news for everyone

നേപ്പാൾ പ്രളയത്തിൽ മരണം ആയിരംകടന്നു: നാലായിരത്തോളം പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

SHARE THIS ON

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ കനത്ത പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 1003 ആയി. നാലായിരത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുവരെ 12,000 പേരെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിതരെ കണ്ടെത്താൻ നേപ്പാൾ സർക്കാർ ഇരുപതിനായിരത്തിലധികം സുരക്ഷാസേനാംഗങ്ങളെ നിയോഗിച്ചു.

പ്രളയം എട്ട് ജില്ലകളെയാണ് ഗുരുതരമായി ബാധിച്ചത്. ചിത്വാൻ ജില്ലയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്; 321 പേർ. നവൽപരാസി ഈസ്റ്റിൽ 216 പേർ മരിച്ചതായാണ് റിപ്പോർട്ട്. വിദേശികളടക്കം 4000 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ 583 പേർ വിദേശ പൗരന്മാരാണ്. ഇത് മരണസംഖ്യ ഇനിയും ഉയരാൻ ഇടയാക്കുമെന്ന ആശങ്ക പരത്തുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ വലിയ തോതിൽ പുരോഗമിക്കുകയാണ്. എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ദുഷ്കരമായ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നതിനും ഹെലികോപ്റ്ററുകൾ നിരന്തരം സർവീസുകൾ നടത്തുന്നുണ്ട്.

പ്രളയത്തിൽ 19 പാലങ്ങൾ ഒലിച്ചുപോയി. ഇതോടെ കാഠ്മണ്ഡുവിലേക്കുള്ള പ്രധാന പാതകളിൽ ഗതാഗതം മുടങ്ങി. ധാഡിങ് ജില്ലയിലെ പാതകൾ തകർന്നതോടെ പൃഥ്വി, ത്രിഭുവൻ ഹൈവേകളിൽ ഒരു വരി ഗതാഗതമേയുള്ളൂ. ചൈനയുമായുള്ള കരമാർഗ വ്യാപാരത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. അതിർത്തിയിലെ പാതകൾ തകർന്നതാണ് കാരണം. പല ജലവൈദ്യുത പദ്ധതികൾക്കും വലിയ നാശനഷ്ടമുണ്ടായി.

രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനിടയിലും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ് നേപ്പാൾ. തുടർച്ചയായ മഴയെത്തുടർന്ന് പുതിയ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രസുവ, നുവാകോട്ട് ജില്ലകളിൽ കനത്ത ജാഗ്രത നിർദേശമുണ്ട്. ജലനിരപ്പ് നിരീക്ഷിക്കാൻ പ്രത്യേക ക്യാമറകളും സാറ്റലൈറ്റ് സംവിധാനങ്ങളും സ്ഥാപിക്കും. ഇവ 24 മണിക്കൂറും പ്രവചന കേന്ദ്രങ്ങളിലേക്ക് വിവരങ്ങൾ നൽകും. ജാഗ്രതാ നടപടികൾ ഊർജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!