KSDLIVENEWS

Real news for everyone

ഏകാന്ത തടവിലല്ലെന്ന് ഉറപ്പു വരുത്തണം, പത്രങ്ങൾ നൽകണം; ഇമ്രാൻ ഖാനും ഭാര്യയ്ക്കും ആശ്വാസം, നിർണായക വിധി

SHARE THIS ON

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ആശ്വാസം. ഇരുവരെയും തടവറയിൽ ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ജയിൽ അധികൃതർക്ക് കർശന നിർദ്ദേശം നൽകി. ഇതോടൊപ്പം ജയിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇമ്രാൻ ഖാന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഐഎച്ച്സി ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോയാണ് വിധി പുറപ്പെടുവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും ബുഷ്റ ബീബിയുടെ മകൾ മുബഷ്റ ഖാവർ മനേകയും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോ വിധി പുറപ്പെടുവിച്ചത്. ജയിൽ ചട്ടങ്ങൾ അനുസരിച്ച് കുടുംബാംഗങ്ങൾക്ക് ഇരുവരെയും സന്ദർശിക്കാൻ അനുമതി നൽകാനും ഇമ്രാൻ ഖാന് വിദേശത്തുള്ള മക്കളുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യം ഒരുക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ദിവസവും പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകാനും നിർദ്ദേശമുണ്ട്. ഈ ഉത്തരവുകൾ നടപ്പിലാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റാവൽപിണ്ടിയിലെ അഡിയാല ജയിൽ സൂപ്രണ്ടിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റുമുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ കഴിയുന്നത്. ബുഷ്റ ബീബിയും ഇതേ ജയിൽ സമുച്ചയത്തിലാണ് തടവിലുള്ളത്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ.) ആരോപിക്കുന്നുണ്ട്. ജയിലിൽ ഇമ്രാൻ ഖാന് പ്രാഥമിക സൗകര്യങ്ങളോ കൃത്യമായ വൈദ്യസഹായമോ നൽകുന്നില്ലെന്ന് കുടുംബാംഗങ്ങളും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയിൽനിന്ന് നിർണ്ണായകമായ ഉത്തരവ് ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!