KSDLIVENEWS

Real news for everyone

ചീർക്കയം ക്വാറിയിൽ സ്‌ഫോടനം ; വീട് തകർന്നു ; ക്വാറി പ്രവർത്തനം താത്കാലികമായി നിർത്തും:

SHARE THIS ON

വെള്ളരിക്കുണ്ട്: “വയ്യാതിരിക്കുന്ന ചെറിയ കുട്ടിയടക്കം ഏഴ് പേരുണ്ടായിരുന്നു വീട്ടിൽ. ക്വാറിയിൽ വെടിപൊട്ടിക്കുന്ന ശബ്ദം കേട്ട് ശീലമാണ്. പക്ഷേ വെടി പൊട്ടിയപ്പോൾ വീടിനോട് ചേർന്നുള്ള ശൗചാലയവും വിറകുപുരയുമെല്ലാം പൊട്ടിവീണപ്പോൾ വല്ലാണ്ട് പേടിച്ചുപോയി. തലനാരിഴക്കാണ് ഞങ്ങൾടെ ജീവൻ കിട്ടിയത്. വീടിനും വിള്ളൽ വീണിട്ടുണ്ട്. ജീവൻ കൈയ്യിൽപ്പിടിച്ചാണ് ജീവിക്കുന്നതെന്ന് പറയുന്നതാ ശരി…” വെള്ളരിക്കുണ്ടിലെ ഓട്ടോറിക്ഷാ തൊഴിലാളി നേതാവ് കൂടിയായ ടി.വി.തമ്പാൻ ഇത് പറയുമ്പോൾ കഴിഞ്ഞദിവസം രാവിലെ നടന്ന സംഭവത്തിന്റെ ആഘാതം വിട്ടുമാറിയിരുന്നില്ല. ചീർക്കയം കരിങ്കൽ ക്വാറിയിൽ നടന്ന സ്‌ഫോടനത്തെ തുടർന്നാണ് സമീപത്തെ ടി.വി.തമ്പാന്റെ വീടിന്റെ ശൗചാലയവും വിറകുപുരയും തകർന്നത്. വീടിന്റെ ചുമരുകൾക്കും വിള്ളൽ വീണിട്ടുണ്ട്.വീടുകളിലെല്ലാം വിള്ളൽ വീണു

വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീർക്കയം ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പ്രദേശമാകെ പ്രകമ്പനം സൃഷ്ടിക്കുന്ന വൻ സ്‌ഫോടനങ്ങളാണ് ദിവസവും നടക്കുന്നത്. ഇത് നിരവധി വീടുകളിൽ വിള്ളൽ വീഴ്ത്തുകയും പ്രദേശം പൊടികൊണ്ട് മൂടപ്പെടാനും കാരണമാക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വെസ്റ്റ് എളേരിയിലെ ചീർക്കയം മലയുടെ അടിവാരത്താണ് ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത്. ഇതിന് മുകളിലായി കൊളത്തുകാട് ആദിവാസി കോളനിയും കാവുന്തല പ്രദേശത്തെ നൂറോളം വീടുകളുമുണ്ട്. അമിതമായ ക്വാറി പ്രവർത്തനം മൂലം വീടുകൾ പലതും തകർന്നനിലയിലാണ്. വേനലെത്തുംമുന്നേ ഇവിടുത്തെ കിണറുകളിലും മറ്റ് സ്രോതസ്സുകളിലും വെള്ളം വറ്റും. ഒരുകാലത്ത് ധാരാളം വെള്ളമുണ്ടായിരുന്ന പ്രദേശമാണ് ഇന്ന് പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്. ക്വാറി താത്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവ് -തഹസിൽദാർ ക്വാറിയിൽനിന്നുണ്ടായ സ്‌ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് നാശം സംഭവിച്ചത് കണക്കിലെടുത്ത് ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കാൻ പറഞ്ഞിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ പി.കുഞ്ഞിക്കണ്ണൻ പറഞ്ഞു. ജിയോളജിസ്റ്റ് വന്ന് പഠനംനടത്തിയതിന് ശേഷം നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് കളക്ടർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!