ഷാരോണിന്റെ കാലനായി കാപിക്വ്: നുണകൾ പൊളിഞ്ഞു, പൊട്ടിക്കരഞ്ഞ് കുറ്റമേറ്റ് ഗ്രീഷ്മ

തിരുവനന്തപുരം ∙ ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളിൽ. ഗ്രീഷ്മയെ കുടുക്കാൻ പൊലീസിന് സഹായകരമായത് ഫൊറൻസിക് വിദഗ്ധന്റെ കണ്ടെത്തലും, കഷായം കുറിച്ച് നൽകിയെന്ന് ഗ്രീഷ്്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടറുടെ തന്നെ വിരുദ്ധമൊഴിയും. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ഗ്രീഷ്മ, അത് മറച്ചുപിടിക്കാൻ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടുകൊട്ടാരം പൊലീസ് പൊളിച്ചത് അനായാസമാണ്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത കഥകളിൽ ഒളിഞ്ഞിരുന്ന ചെമ്പ് പൊലീസ് പുറത്തുകൊണ്ടുവന്നു. ഒടുവിൽ വിങ്ങിപ്പൊട്ടി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഗ്രീഷ്മയെ കുടുക്കുന്നതിന് പൊലീസിന് ഏറ്റവും തുണയായത് മൂന്നു മൊഴികളാണ്.

