ഉദുമയും മഞ്ചേശ്വരവും ജില്ലയിലെ പ്രസ്റ്റീജ് മണ്ഡലങ്ങൾ : പുതിയ വോട്ടർമാരുടെ നിലപാട് നിർണ്ണായകം

കാസർകോട് : അഞ്ച് മണ്ഡലങ്ങളുള്ള കാസർകോട് ജില്ലയിൽ പ്രസ്റ്റീജ് മത്സരങ്ങൾക്ക് കാതോർത്ത് ഉദുമയും മഞ്ചേശ്വരവും . 2016 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും ചുരുങ്ങിയ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലങ്ങളാണ് ഇവ രണ്ടും . മഞ്ചേശ്വരത്ത് രണ്ടാം വട്ട ജനവിധി തേടി ഇറങ്ങിയ മുസ്ലീം ലീഗിലെ പി ബി അബ്ദുൽ റസാഖ് 89 വോട്ടുകൾക്ക് കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . എന്നാൽ പിന്നീട് പി ബിയുടെ ആകസ്മിക വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എം സി ഖമറുദ്ദീന്റെ ഭൂരിപക്ഷം ഒൻപതിനായിരം കടന്നു . ഇത്തവണ ഖമറുദ്ദീൻ മത്സരരംഗത്തുണ്ടാകില്ലെന്നു ഉറപ്പിച്ചിട്ടുണ്ട് . ബി ജെ പിയിൽ നിന്നു കെ സുരേന്ദ്രന്റെ പേര് ഉയരുന്നുണ്ടെങ്കിലും അദ്ദേഹം മഞ്ചേശ്വരത്തെ മത്സരത്തിനു തയ്യാറാകില്ലെന്നാണ് സൂചന . ഇടതു മുന്നണിയും സ്ഥാനാർത്ഥി നിർണ്ണയചർച്ചകൾ തുടരുകയാണ് . ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ . വി പി പി മുസ്തഫയുടെയും കെ ആർ ജയാനന്ദയുടെയും പേരുകൾക്കാണ് സി പി എമ്മിൽ മുൻഗണന . 8,965 പുതിയ വോട്ടർമാരാണ് മഞ്ചേശ്വരം മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്താൻ ഒരുങ്ങുന്നത് . മഞ്ചേശ്വരത്തിനൊപ്പം ജില്ലയിൽ രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്ന 46 മണ്ഡലമാണ് ഉദുമ . വർഷങ്ങളായി സി പി എമ്മിന്റെ കുത്തകമണ്ഡലമാണ് ഉദുമ . കഴിഞ്ഞ തവണ കെ പി സി സി വർക്കിംഗ് പ്രസിഡന്റായ കെ സുധാകരനെ തോൽപ്പിക്കാൻ രണ്ടാംവട്ട മത്സരത്തിനു ഇറങ്ങിയ കെ കുഞ്ഞിരാമനു കഴിഞ്ഞിരുന്നു . എന്നാൽ ആദ്യ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവിൽ 3,832 വോട്ടുകൾക്കാണ് കെ കുഞ്ഞിരാമൻ വിജയിച്ചത് . ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയചർച്ചകൾ ആരംഭിച്ചതേ ഉള്ളൂ . വിജയസാധ്യത കണക്കിലെടുത്ത് മൂന്നിലധികം പേർ സ്ഥാനാർത്ഥിയാകാൻ തയ്യാറായിട്ടുണ്ടെങ്കിലും സംസ്ഥാനനേതൃത്വത്തിന്റെ നിലപാടായിരിക്കും ഉദുമയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാവുക . 8,734 പുതിയ വോട്ടർമാരാണ് ഇത്തവണ ഉദുമ മണ്ഡലത്തിലുള്ളത് . ഇവരായിരിക്കും മണ്ഡലത്തിലെ ജേതാവിനെ തീരുമാനിക്കുക .

