KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു: ചതിപ്രയോഗം നടത്തി; രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ

SHARE THIS ON

നിലമ്പൂർ: ജനങ്ങൾക്കിടയിൽ ഇത്രയേറെ വെറുക്കപ്പെടാൻ സാഹചര്യമൊരുക്കിയ ഒരു സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് ഈ തിരഞ്ഞെടുപ്പെന്നും കഴിഞ്ഞ ഒൻപത് വർഷക്കാലമായി കേരളത്തെ ഭരിച്ചുമുടിച്ച് പാവപ്പെട്ടവരെ നിരാധാരമാക്കുന്ന ഈ സർക്കാരിനെതിരായിട്ടുള്ള കാഹളം മുഴക്കേണ്ട
സമയമാണിതെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. ചതിയെന്ന പ്രയോഗം ഉപയോഗിക്കാൻ ഏറ്റവും യോഗ്യനായ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും അറിയാം. ഹിന്ദു പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ 150 കിലോ സ്വർണവും 123 കോടി രൂപയും മലപ്പുറം ജില്ലയിൽ നിന്നും മാത്രം പിടിച്ചെടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടിയിട്ടുള്ള പണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ സംശയത്തിന്റെ മുനയിൽ കൊണ്ടുപോയി നിർത്തി ഈ ജില്ലയ്ക്കെതിരെ ഏറ്റവും വലിയ ചതിപ്രയോഗം നടത്തിയ പിണറായി വിജയൻ മലപ്പുറത്ത് വന്ന് ചതിയെ കുറിച്ച് പറയുന്നത് എന്തുകൊണ്ടാണ്’- കെസി ചോദിച്ചു.

‘എല്ലാ ജില്ലയിലും കള്ളപ്പണവും സ്വർണവും പിടിക്കാറുണ്ട്. മുഖ്യമന്ത്രി ആ ജില്ലകളുടെ സ്റ്റാറ്റസ് ഒന്നും പറയാതെ മലപ്പുറത്തിന്റെ സ്റ്റാറ്റസ് മാത്രം പറയുന്നു. സ്വദേശീയ സ്വാതന്ത്ര്യ സമരത്തിനും മതേതരത്വത്തിനും പേരുകേട്ട ഈ ജില്ലയെ സംശയമുനയിൽ നിർത്താൻ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ചതി പ്രയോഗമാണ് ഒരു മുഖ്യമന്ത്രിയിൽ നിന്നാണുണ്ടായത്.

പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ല. നാട്ടിൽ അസമാധാനം ഉണ്ടാകുമ്പോൾ മതവൈര്യം കത്തികയറുമ്പോൾ ജാതിയും മതവും പറഞ്ഞ് മനുഷ്യർ തമ്മിലടിക്കാൻ ശ്രമിക്കുമ്പോൾ സമാധാനത്തിന്റെ ദൂതുമായിട്ട് ഇവിടെ മാത്രമല്ല പോപ്പിന്റെ അടുത്തുവരെ എത്തുന്നതിൽ ധൈര്യം കാണിച്ച തങ്ങളാണ് ഇവിടുത്തെ തങ്ങൾ. വർഗീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഒരു കക്ഷി ചേരുന്നതിനുപകരം അവിടെ സമാധാനത്തിന് വേണ്ടി നിൽക്കുന്ന അദ്ദേഹത്തെകുറിച്ചാണ് പാർട്ടി പ്രസിഡന്റ് ആയതുകൊണ്ട് അദ്ദേഹം തീവ്രവാദത്തിന് അനുകൂലമായ നിലപാടെടുക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.

തൃശ്ശൂർ പൂരം കലക്കി അതിലൂടെ ഭാരതീയ ജനതാ പാർട്ടിക്ക് കേരളത്തിൽ ആദ്യമായിട്ട് പാർലമെന്റിലേക്ക് അക്കൗണ്ട് തുറക്കാൻ സ്വന്തം ക്യാബിനറ്റിലെ മന്ത്രിയായിരുന്ന വ്യക്തിയെ മുഖ്യമന്ത്രി ചതിച്ചു. പുറത്തു പറയാൻ മടിക്കുന്ന ഒരുപാട് കഥകൾ പാർട്ടി സഖാക്കൾക്ക് മുഖ്യമന്ത്രിയെ കുറിച്ച് പറയാനുണ്ടാകും. എന്തും തനിക്ക് ഭൂഷണമാണ് എന്നു പറയുന്ന സർക്കാരും അത് നയിക്കുന്ന മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്. ആശാവർക്കർമാർ നൂറല്ല നൂറായിരം ദിവസം സമരം ചെയ്താലും അത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല, അവർ തെണ്ടിപ്പിരിച്ചു സമരം നടത്തുന്നവരാണ് എന്നുപറഞ്ഞ് പാവപ്പെട്ട ആശാവർക്കർമാരുടെ സമരത്തെ പോലും ആക്ഷേപിച്ചയാളാണ് മുഖ്യമന്ത്രി’യെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!