KSDLIVENEWS

Real news for everyone

പ്രതിഷേധത്തീയായി 17 കാരൻ നാഹിലിന്റെ നിഷ്ഠൂര കൊല ; ഫ്രാൻസ് കത്തുന്നു;
പോലീസിനെ ചൊടിപ്പിച്ചത് അവന്‍റെ അറബ് മുഖം’;

SHARE THIS ON

പാരിസ്: പൊലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട നാഹില്‍ എന്ന 17കാരൻ ഫ്രാൻസിന്റെ പുതിയ നോവായി മാറിയിരിക്കുകയാണ്.

ഫ്രഞ്ച് നഗരങ്ങളില്‍ പൊലീസിന്റെ വംശീയതയ്‌ക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഫ്രാൻസിനെ പിടിച്ചുകുലുക്കുന്ന പ്രതിഷേധത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണവും ഈ കലാപത്തിനു കാരണക്കാരനായ നാഹില്‍ എന്ന കൗമാരക്കാരനെയും കുറിച്ച്‌ അറിയാം.

കഴിഞ്ഞ ജൂണ്‍ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറില്‍ പട്ടാപ്പകലാണ് 17കാരനായ നാഹില്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. രാവിലെ ട്രാഫിക് പൊലീസിന്റെ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തില്‍ ടേക്ക്‌എവേ ഡെലിവറി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു 17കാരൻ.

പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലാണ് പൊലീസ് നിറയൊഴിച്ചത്. ലൈസൻസ് ഇല്ലാത്തതിനാല്‍ പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനായിരുന്നു നാഹില്‍ വേഗത്തില്‍

ഓടിച്ചത്. എന്നാല്‍, പൊലീസ് പിടികൂടി ഒട്ടും താമസിക്കാതെ വെടിവയ്ക്കുകയായിരുന്നു.

അള്‍ജീരിയൻ വംശജനാണ് നാഹില്‍. മാതാവ് മൗനിയയുടെ ഏക മകൻ. കുടുംബത്തിലെ ദാരിദ്ര്യം കാരണം ജോലിയും പഠനവും ഒന്നിച്ചാണ് കൊണ്ടുപോയിരുന്നത്. പലപ്പോഴും കോളജിലെ ഹാജറും കുറവായിരുന്നുവെന്ന് ‘ബി.ബി.സി’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൗനിയയുടെ നെറ്റിയിലൊരു ചുംബനം കൊടുത്താണ് നാഹില്‍ രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുന്നത്. എന്നാല്‍, രാവിലെ ഒൻപതു മണിയോടെ മകന്റെ ഞെട്ടിക്കുന്ന മരണവാര്‍ത്തയാണ് അവര്‍ക്ക് കേള്‍ക്കേണ്ടിവന്നത്. ഏക മകനെ നഷ്ടപ്പെട്ട വേദനയിലാണിപ്പോള്‍ അവര്‍. ‘എന്റെ ജീവിതമായിരുന്നു അവൻ; എന്റെ പ്രിയപ്പെട്ട സുഹൃത്തും. ഇനി ഞാനെന്ത് ചെയ്യും?’-മരണവാര്‍ത്ത കേട്ട് മൗനിയ പ്രതികരിച്ചു.

പൊലീസിന്റെ നടപടിക്കു പിന്നില്‍ വംശീയതയാണെന്ന് മൗനിയ പറയുന്നു. അവന്റെ ‘അറബ് മുഖമാ’ണ് അവരെ ചൊടിപ്പിച്ചത്. ആ കൊച്ചുകുട്ടിയുടെ അറബ് മുഖമാണ് പൊലീസ് കണ്ടത്. അതുകാരണമാണ് അവര്‍ അവന്റെ വകവരുത്തിയതെന്നും മൗനിയ ആരോപിച്ചു.

മികച്ചൊരു റഗ്ബി താരം കൂടിയായിരുന്നു നാഹില്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി നഗരത്തിലെ പ്രധാന റഗ്ബി ക്ലബുകളിലൊന്നായ ‘പിറേറ്റ്‌സ് ഓഫ് നാന്റിറി’ലെ സജീവാംഗം. ലോകമറിയുന്ന റഗ്ബി താരമായി മാറണമെന്ന നാഹിലിന്റെ സ്വപ്‌നങ്ങള്‍കൂടിയാണിപ്പോള്‍ ഫ്രഞ്ച് പൊലീസിന്റെ കാഞ്ചിക്കിരയായി പൊലിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!