നീലേശ്വരത്ത് ആകാശപ്പാത വേണമെന്ന് ആവശ്യം; മനുഷ്യശൃംഖല തീർത്ത് യുഡിഎഫ്

നീലേശ്വരം; ദേശീയപാത വികസനത്തിലെ അശാസ്ത്രീയ നിർമാണത്തിനു പകരം നീലേശ്വരത്ത് ആകാശപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരത്തു യുഡിഎഫ് ജനകീയ മുന്നണിയുടെ മനുഷ്യശൃംഖല പ്രതിഷേധജ്വാല. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേരാണു സമരത്തിൽ പങ്കെടുത്തത്. വ്യാപാരി പ്രതിനിധികളും ക്ഷേത്രം, ജമാഅത്ത് ഭാരവാഹികളും സമരത്തിനെത്തി. ഡിസിസി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, എ.ഹമീദ്, ഷംസുദ്ദീൻ, സത്താർ വടക്കുമ്പാട്, കരിമ്പിൽ കൃഷ്ണൻ, മലപ്പിൽ സുകുമാരൻ, എം.ടി.പി.കരീം, കെ.വി.സുധാകരൻ, എം.രാധാകൃഷ്ണൻ നായർ, അഞ്ഞൂറ്റമ്പലം വീരർകാവ് പ്രസിഡന്റ് വി.വി.രാമചന്ദ്രൻ, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, നീലേശ്വരം ജമാഅത്ത് പ്രസിഡന്റ് സി.കെ.അബ്ദുൽഖാദർ, കർമസമിതി ചെയർമാൻ മാമുനി വിജയൻ, കൺവീനർ ഇ.എം.കുട്ടി ഹാജി, പി.രാമചന്ദ്രൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പി.സി.സുരേന്ദ്രൻനായർ, എറുവാട്ട് മോഹനൻ, റഫീഖ് കോട്ടപ്പുറം തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം എൽഡിഎഫ് ഇതേ ആവശ്യമുന്നയിച്ചു ബഹുജന മാർച്ചും പ്രതിഷേധജ്വാലയും നടത്തിയിരുന്നു.

