കുമ്പളയിൽ വിദ്യാർഥിനികളെ ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു; ഡ്രൈവർക്കായി അന്വേഷണം

കുമ്പള: ഹൈസ്കൂൾ വിദ്യാർഥികളെ കാറിടിച്ച് പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. കുമ്പള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ രണ്ടുപേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കാറിടിച്ചത്. ഒളയം പുഴയ്ക്ക് സമീപത്തുവെച്ച് പ്രദേശവാസിയായ നൗഷാദ് കാർ ബോധപൂർവം ഇടിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിലെ ഓണാഘോഷപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനികൾ പുഴക്കരയിൽ വിശ്രമിക്കുന്നതിനിടെയാണ് നൗഷാദ് കാറുമായെത്തിയത്. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് മടങ്ങുമ്പോഴാണ് കാർ പിറകോട്ടെടുത്ത് ഇടിച്ച് പരിക്കേറ്റത്. വിദ്യാർഥിനികളെ കാർ ഇടിച്ചുവീഴ്ത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാർ പിന്നീട് അമിതവേഗത്തിൽ ഓടിച്ചുപോകുന്നതും ദൃശ്യത്തിൽ കാണാം. അപകടത്തിനിടയാക്കിയ കാർ കുമ്പള പോലീസ് കണ്ടെത്തി. നൗഷാദിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടികളുടെ രക്ഷിതാക്കൾ സി.സി.ടി.വി. ദൃശ്യം സഹിതം കുമ്പള പോലീസിൽ പരാതി നൽകി. കാറിടിച്ചുവീണ പെൺകുട്ടികളിൽ ഒരാളുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. പരാതി നൽകിയ വിദ്യാർഥിനിയുടെ വീടിനു സമീപത്തു തന്നെയാണ് നൗഷാദിന്റെ വീട്. വാഹനമിടിപ്പിക്കാൻ പ്രകോപനമെന്തെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ തിങ്കളാഴ്ചയാണ് ഇവർ പരാതി നൽകിയത്. അപകടത്തിനിടയാക്കിയ കാർ കുമ്പള പോലീസ് കണ്ടെത്തി. നൗഷാദിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

