ജില്ലാ പഞ്ചായത്ത് റോഡ് അറ്റകുറ്റപ്പണിക്കു ടാർ അളവിൽ കൃത്രിമം; കരാറുകാരന് 8 വർഷം തടവും പിഴയും ശിക്ഷ

കാസർകോട് ∙ ജില്ലാ പഞ്ചായത്ത് റോഡ് അറ്റകുറ്റപ്പണിക്കു ടാർ ഉപയോഗിച്ചതിൽ കൃത്രിമം കാട്ടിയെന്നതിനു 11 വർഷം മുൻപ് എടുത്ത കേസിൽ കരാറുകാരനു 8 വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.എറണാകുളം മൂവാറ്റുപുഴ എൻജിഒ ക്വാർട്ടേഴ്സിനു സമീപം പൊട്ടായി കണ്ടത്തിൽ പി.ബി.കബീർഖാന് (59) ആണു കാസർകോട് ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കെ.ജി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി തടവ് അനുഭവിക്കണം. ഇതേ കേസിലെ ഒന്നാം പ്രതി ചെങ്കള ചാമ്പലം റോഡ് റിയാബ് മൻസിൽ മുഹമ്മദ് റഫീഖ് (42) വിധി പറയുന്ന ദിവസം ഹാജരാകാത്തതിനാൽ പ്രത്യേക കേസായി മാറ്റി വച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

