കനത്ത മഴയ്ക്ക് സാധ്യത: എമര്‍ജന്‍സി സെന്റര്‍ തുറന്നു, ഏഴ് ജില്ലകളില്‍ NDRF സജ്ജം; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പെയ്യാനിടയുള്ള മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാ-താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച എറണാകുളം ജില്ലയിലും ചൊവ്വാഴ്ച ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തു താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 03-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 04-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് 05-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 03-07-2023 : തിരുവനന്തപുരം, കൊല്ലം 04-07-2023 : തിരുവനന്തപുരം, കൊല്ലം 05-07-2023 : കൊല്ലം 06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് 07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്”


