ഗ്രീഷ്മ ഇപ്പോഴും ഐ.സി.യുവില്‍, പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും; വിഷം കലര്‍ത്താന്‍ സഹായിച്ചത് ആര്

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന് നിര്‍മ്മലിനെയും റിമാന്‍ഡ് ചെയ്തു. നിലവില്‍ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തില്‍ വിഷം കലര്‍ത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.
ആത്മഹത്യക്കു ശ്രമിച്ച മുഖ്യ പ്രതി ഗ്രീഷ്മ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെയും സിന്ധുവിനെയും നിര്‍മ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

