യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം; വളര്‍ത്തുനായ വിട്ടില്ല, കാലില്‍ കടിച്ചു, പിടികൂടി

കോയമ്പത്തൂർ: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് 30-കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്കുമാർ(29) എന്നയാളെ വളർത്തുനായയുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിന് സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വർണപ്പണിക്കാരനായ ദിലീപ്കുമാർ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തി. രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡിൽ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാർക്കും സംശയമായി. തുടർന്ന് യുവതി താമസിക്കുന്നിടത്ത് പരിശോധന നടത്തിയപ്പോളാണ് ഒളിച്ചിരുന്ന ദിലീപ്കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ വീട്ടിലെ വളർത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലിൽ കടിക്കുകയും ചെയ്തു. ജീൻസ് പാന്റിൽ കടിച്ച നായ പ്രതിയെ ഓടാൻ അനുവദിക്കാതെ വളഞ്ഞുവച്ചു. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാർ ദിലീപ്കുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ മർദിച്ചവശനാക്കിയ ശേഷമാണ് നാട്ടുകാർ പോലീസിന് കൈമാറിയത്.
ദിലീപ്കുമാർ നേരത്തെയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽഫോണിൽനിന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

