KSDLIVENEWS

Real news for everyone

അപ്രതീക്ഷിത ‘എൻട്രി’യായെത്തി; തൃക്കരിപ്പൂരിൽ മിന്നും ജയവുമായി സന്ദീപ് വാരിയർ

SHARE THIS ON

കാസർകോട് ∙ തൃക്കരിപ്പൂർ മണ്ഡലത്തിൽ അപ്രതീക്ഷിത ‘എൻട്രി’യായെത്തിയ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ നേടിയത് മിന്നും ജയം. വി.പി.പി. മുസ്തഫയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ രംഗപ്രവേശനം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. ഒരുഘട്ടത്തിലും സന്ദീപ് തൃക്കരിപ്പൂരിൽ മത്സരിക്കുന്നതു സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നില്ല. കേരള കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

തൃക്കരിപ്പൂർ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഡിസിസി നേതൃത്വം ഉയർത്തിയപ്പോൾ തന്നെ പറഞ്ഞുകേട്ട പേരുകൾ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് എന്നിവരുടേതായിരുന്നു. ഏറ്റവും ഒടുവിലായി ബാലകൃഷ്ണൻ പെരിയയുടെ പേരും ഇവിടേക്കു പരിഗണിക്കപ്പെട്ടു. ‌രണ്ടാം ഘട്ടത്തിലുൾപ്പെട്ട മറ്റു മണ്ഡലങ്ങളിൽ സന്ദീപിന് നൽകാൻ സീറ്റില്ലാതെ വന്നപ്പോഴാണ് ഒടുവിൽ തൃക്കരിപ്പൂർ നൽകിയത്. സ്ഥാനാർഥിത്വം ആഗ്രഹിച്ച നേതാക്കൾ, സന്ദീപിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല.

സിപിഎം ഉറച്ച മണ്ഡലമായി കരുതിപ്പോന്നതാണ് തൃക്കരിപ്പൂർ. 1977ൽ മണ്ഡലം നിലവിൽ വന്ന ശേഷം നടത്തിയ 10 തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടിയത് ഇടതുപക്ഷമാണ്. ഇ.കെ. നായനാർ മത്സരിക്കുന്നതിനു തൃക്കരിപ്പൂർ തിരഞ്ഞെടുത്തത് ചുവപ്പിന്റെ കരുത്തിലാണ്. മണ്ഡലം പിറന്നതു മുതൽ ഇടതുമുന്നണിയിൽ സിപിഎം മാത്രമാണ് ഇവിടെ മത്സരിക്കുന്നത്. അതിനാൽ തന്നെ ഇത്തവണയും വിജയത്തിൽ കുറഞ്ഞതൊന്നും ഇടതുപക്ഷവും സിപിഎമ്മും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.രാജഗോപാലൻ 79286 വോട്ടു നേടി. യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി.കുഞ്ഞിക്കണ്ണന് നേടാനായത് 62327 വോട്ടുകളാണ്. 16959 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി പാരമ്പര്യം തുടർന്നു. 

പക്ഷേ, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇടതുമുന്നണിയെ വിറപ്പിച്ചു. ഇടതുമുന്നണിയിലെ കെ.പി.സതീഷ് ചന്ദ്രൻ 76403 വോട്ടും രാജ്മോഹൻ ഉണ്ണിത്താൻ 74504 വോട്ടും നേടി. 1899 വോട്ടുകൾ മാത്രമായിരുന്നു ഇടതിന്റെ ഭൂരിപക്ഷം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥിതി വീണ്ടും മാറി. ഇടതുമുന്നണി 79171 വോട്ടും യുഡിഎഫ് 67473 വോട്ടും നേടി. 11698 വോട്ടുകളുടെ മേധാവിത്വം എൽഡിഎഫ് നേടി. പക്ഷേ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം മാറ്റിയെഴുതി സന്ദീപ് അവിടെ വിജയക്കൊടി പാറിച്ചു.

error: Content is protected !!