മിഷന്‍ ചോക്‌സിക്കായി പോയ പ്രത്യേക വിമാനം മടങ്ങി: വിട്ടുകിട്ടല്‍ അനിശ്ചിതത്വത്തില്‍

ന്യൂഡൽഹി: വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോസ്കിയെ ഡൊമിനിക്കയിൽനിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്ത്യ അയച്ച ഖത്തർ എയർവേസ് വിമാനം മടങ്ങി. ഡൊമിനിക്കയിലെത്തി ഏഴുദിവസങ്ങൾക്ക് ശേഷമാണ് വെറുംകയ്യോടെ വിമാനം മടങ്ങുന്നത്.
മെയ് 28നാണ് ചോസ്കിക്കെതിരായ കേസുകളുടെ രേഖകളുമായി ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഖത്തർ എക്സിക്യൂട്ടീവ് ഫ്ളൈറ്റ് എ7സിഇഇ യാത്ര തിരിക്കുന്നത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. ഡൊമിനിക്കയിലെ മാരിഗോട്ടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്സിയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഏഴുദിവസമാണ് വിമാനം കാത്തുകിടന്നത്.
ചോക്സിയുടെ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ച മാറ്റിവെച്ചിരുന്നു. ഇതേതുടർന്ന് ജൂൺ മൂന്നിന് രാത്രി 8.09ന് മെൽവില്ലെ ഹാൾ എയർപോർട്ടിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ ചോസ്കിയെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഉദ്യോഗസ്ഥർ വിമാനത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾ വ്യക്തത വരുത്തിയിട്ടില്ല.
ഇരുകൂട്ടരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കേസ് പരിഗണിക്കുന്നതിനുളള പുതിയ തീയതി ജഡ്ജ് ബെർണീ സ്റ്റീഫെൻസൺ തീരുമാനിക്കൂവെന്ന് ആന്റിഗ്വ ന്യൂസ് റൂം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വീഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചത്. ആരാണ് ചോക്സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നത് എന്ന വിഷയം ഉന്നയിച്ച് പ്ലക്കാർഡുകളുയർത്തി നിരവധി പേർ റോസോയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
ചോക്സിയുടെ അഭിഭാഷകൻ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിൽ മെഹുൽ ചോക്സിയെ ഹാജരാക്കാൻ ഡൊമിനിക്കൻ കോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു.

